കോഴിക്കോട് സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയ അസ്ഥികള്‍ വിജിലന്റേതു തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയില്‍.


സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിന്റേതാണെന്ന് സ്ഥിരീകരണം

കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് അസ്ഥികള്‍ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചത്. 2019 മാര്‍ച്ചിലാണ് വിജിലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പോലീസ് തിരോധാന കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് അന്വേഷണം നിലച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് അന്വേഷണം ആരംഭിച്ചതോടെയാണ് വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തിയത്. അമിതമായ ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചെന്നും പിന്നാലെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്നുമാണ് സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി. തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബറില്‍ സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ അസ്ഥികള്‍ കണ്ടെടുത്തിരുന്നു. തലയോട്ടിയുടെ മുകള്‍ ഭാഗവും ഇടതു കൈയുടെ മുകള്‍ ഭാഗവും വിരലുകളും ഒഴികെ ബാക്കി ശരീരത്തിലെ മുഴുവൻ അസ്ഥികളുമാണ് സരോവരം തണ്ണീർത്തടത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഏഴാം ദിവസം നടത്തിയ തിരച്ചിലില്‍ 7 മീറ്റർ താഴ്ചയില്‍ നിന്നാണ് 58 അസ്ഥികള്‍ കണ്ടെടുത്തത്.

2019 മാർച്ച്‌ 24ന് പ്രഭാത ഭക്ഷണത്തിനു ശേഷമാണു വെസ്റ്റ്ഹില്‍ ചുങ്കം വേലത്തിപ്പടിക്കല്‍ വീട്ടില്‍ കെ ടി വിജില്‍ സ്വന്തം ബൈക്കില്‍ വീട്ടില്‍ നിന്നു പോയത്. ഉച്ചയ്ക്ക് ഊണിന് എത്താമെന്നു പറഞ്ഞു പുറത്തേക്കു പോയ വിജിലിനായി അമ്മ ഭക്ഷണം വിളമ്ബി കാത്തിരുന്നെങ്കിലും പിന്നീട് എത്തിയില്ല. രാത്രിയായിട്ടും കാണാതായതോടെ, എപ്പോഴും ഒപ്പമുണ്ടാകാറുള്ള സുഹൃത്തുക്കളെ വിളിച്ച്‌ അന്വേഷിച്ചെങ്കിലും അവർക്കും വിവരമുണ്ടായിരുന്നില്ല. മകനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും മറ്റു വിവരം ലഭിക്കാതിരുന്നതോടെ 2019 ഏപ്രില്‍ നാലിനാണ് പിതാവ് വിജയൻ പോലീസില്‍ പരാതി നല്‍കിയത്.

Previous Post Next Post