പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വർണക്കൊള്ള നടന്ന 2019ൽ എ പത്മകുമാർ പ്രസിഡന്റ് ആയിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയിൽ അംഗമായിരുന്നു എൻ വിജയകുമാർ. സിപിഎം പ്രതിനിധിയായാണ് ഭരണസമിതിയിൽ എത്തിയത്. കെ പി ശങ്കർദാസ് ആണ് അന്നത്തെ ഭരണസമിതിയിൽ ഉണ്ടായിരുന്ന മൂന്നാമത്തെയാൾ.
വിജയകുമാറും ശങ്കർദാസും മുൻകൂർ ജാമ്യത്തിനായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിധി വരുന്നതിന് മുൻപായിരുന്നു വിജയകുമാറിന്റെ അറസ്റ്റ്. സ്വർണക്കൊള്ളയിൽ അന്നത്തെ ഉദ്യോഗസ്ഥർക്കാണ് പങ്കെന്നായിരുന്നു വിജയകുമാർ വാദിച്ചിരുന്നത്. പത്മകുമാറിനെ അറസ്റ്റ് ചെയ്ത ശേഷം മറ്റു ഭരണസമിതി അംഗങ്ങൾക്കെതിരെ എസ്‌ഐടി നടപടി സ്വീകരിക്കാത്തതിൽ കഴിഞ്ഞദിവസം ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്‌ഐടിയുടെ നടപടി.
കഴിഞ്ഞ ദിവസം സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യുന്നതിനായി വിജയകുമാറിനും ശങ്കർദാസിനും എസ്‌ഐടി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കേസിൽ കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയതായി ചൂണ്ടിക്കാട്ടി ഇരുവരും എസ്‌ഐടി മുൻപാകെ ഹാജരായിരുന്നില്ല. അതിനിടയാണ് ഇപ്പോൾ വിജയകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
