കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓൺലെൻ ലേല ആപ്പിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് നടപടി. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.
രാവിലെ പതിനൊന്ന് മണിയോടെയാണ് ജയസൂര്യ ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസിൽ ഹാജരായത്. സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ 2023 ജനുവരിയിൽ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ (സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി.
മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരിൽനിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോർട്ട്. എന്നാൽ ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെയാണ് പരാതികൾ ഉയർന്നത്.
