ടീം യുഡിഎഫിന്റെ വിജയം, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ അംഗീകരിച്ചു: വി ഡി സതീശൻ


 തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് നേടിയ മികച്ച വിജയത്തിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ തദ്ദേശ തെരഞ്ഞടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്. യുഡിഎഫിനെ പിന്തുണച്ച ജനങ്ങളോടാണ് കടപ്പാടുള്ളത്, ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പ്രതിപക്ഷം മുന്നോട്ട് വച്ച അജണ്ട തെരഞ്ഞെടുപ്പിൽ ചർച്ചയായതിന്റെ ഫലമാണ് വിജയം എന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിച്ച നേട്ടത്തിന്റെ കണക്കുകളും എൽഡിഎഫിനേറ്റ തിരിച്ചടിയും അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ കുറ്റപത്രവും പ്രകടന പത്രികയും കേരളം ചർച്ച ചെയ്തു. ഇതിന്റെ ഫലമാണ് എൽഡിഎഫ് നേരിട്ട കനത്ത പരാജയം. 2020ൽ 580 ഗ്രാമ പഞ്ചായത്തുകളിൽ ഭരണം ഉണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 345 ലേക്ക് ചുരുങ്ങി. യുഡിഎഫ് 340 പഞ്ചായത്തുകളിൽ നിന്ന് 500ലേക്ക് ഉയർന്നു. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടാനായി.


തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത് ടീം യുഡിഎഫിന്റെ വിജയമാണ്. കൃത്യമായ സംഘാടനവും ചിട്ടയാർന്ന പ്രവർത്തനവുമാണ് വിജയത്തിന് കരുത്തായത്. അതേസമയം, കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ വെറുത്ത് തുടങ്ങി എന്നതിന്റെ തെളിവാണ് ഫലമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വർഗീയതയെ കൂട്ടുപിടിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂന പക്ഷ വർഗീയത, അതിന് ശേഷം ഭൂരിപക്ഷ വർഗീയത. പിണറായി വിജയൻ കൊണ്ട് നടന്ന പലരും വർഗിയത ആളിക്കത്തിക്കാൻ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ട സിപിഎം സ്വീകരിച്ചു. എന്നാൽ അതിന്റെ ഗുണഭോക്താവായത് ബിജെപിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ബിജെപിക്ക് നേട്ടം ഉണ്ടായെങ്കിൽ അതിന് കാരണം സിപിഎം കളിച്ച ഭൂരിപക്ഷ വർഗീയ പ്രീണനമാണ്. മുന്നറിയിപ്പ്, 1987 ൽ ഇഎംംസ് എടുത്ത തന്ത്രം 2025 ലും 26 ലും വിലപ്പോവില്ല. ഇക്കാര്യം നേരത്തെ തന്നെ പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. സിപിഎം നേതാക്കൾ ജനവിധിയെ മോശമായി വിലയിരുത്തുകയാണ് ചെയ്തത്. എംഎം മണി ജനങ്ങളെ ആക്ഷേപിച്ചു. മുതിർന്ന നേതാവ് ജനങ്ങളുടെ മനസിലിരിപ്പാണ് എംഎം മണിയിലൂടെ പുറത്തുവന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Previous Post Next Post