'ആരും അടുത്തേക്കു വരരുത്, ചാടും'; റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി


 കൊച്ചി: ആലുവ റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഒന്നരമണിക്കൂറിന് ശേഷം താഴെയിറക്കി. പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ താഴെയിറക്കിയത് ആർപിഎഫ് ഉദ്യോഗസ്ഥരാണ്. ആലുവ വഴി തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.



ഇന്ന് രാവിലെ ആറുമണിയോടെയാണ് യുവാവ് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ മേൽക്കൂരയിൽ കയറിപ്പറ്റിയത്. തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. റെയിൽവേയുടെ വൈദ്യുതലൈനിലേക്ക്(ഓവർഹെഡ് ലൈൻ) ചാടുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ആർപിഎഫ് ഉദ്യോഗസ്ഥർ ഇയാളുടെ അടുത്തേക്കെത്താൻ ശ്രമിക്കുമ്പോൾ ആരെങ്കിലും വന്നാൽ അപ്പോൾ ചാടി മരിക്കുമെന്ന് യുവാവ് വിളിച്ചു പറഞ്ഞു. ഇതോടെ അപകടം ഒഴിവാക്കാനായി ലൈനിലെ വൈദ്യുതബന്ധം താൽക്കാലികമായി വിച്ഛേദിച്ചു. ഇതേത്തുടർന്ന് എറണാകുളം-തൃശ്ശൂർ, തൃശ്ശൂർ-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.


അഗ്‌നിരക്ഷാസേന എത്തി താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവിന്റെ വീട്ടുകാരെ വീഡിയോ കോളിൽ വിളിച്ചു നൽകി അനുനയിപ്പിക്കാനായി ശ്രമം. ഇതിനിടെ യുവാവിന്റെ ശ്രദ്ധമാറിയ നിമിഷം ആർപിഎഫ് ഉദ്യോഗസ്ഥർ പാലത്തിൽനിന്ന് മേൽക്കൂരയിലേക്ക് ചാടിയിറങ്ങി. തുടർന്ന് യുവാവിനെ കീഴ്‌പ്പെടുത്തുകയും മേൽക്കൂരയിൽനിന്ന് താഴെയിറക്കുകയുമായിരുന്നു. മുക്കാൽ മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ദീർഘദൂര ട്രെയിനുകളടക്കം പല സ്‌റ്റേഷനുകളിലായി നിർത്തിയിട്ടു.

Previous Post Next Post