'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയൻ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബൽറാം


 തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ... സ്വർണം ചെമ്പായി മാറിയേ... എന്ന പാരഡി ഗാനത്തിനെതിരെ പൊലീസിൽ പരാതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ് കുത്തിപ്പൊക്കി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം. ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തോൽവിയിൽ ഘടകമാകുകയും ചെയ്തിരുന്നു. പാട്ടിനെതിരെ സിപിഎമ്മും രംഗത്തു വന്നിരുന്നു.


ഇതിനു പിന്നാലെയാണ് പാരഡിപ്പാട്ടിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി ലഭിക്കുന്നത്. ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയൻ തന്നപ്പാ എന്ന തലക്കെട്ടോടു കൂടിയാണ് ബൽറാമിന്റെ പോസ്റ്റ്. അഡാർ ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ ഹൈദരാബാദിൽ ഒരു വിഭാഗം മുസ്ലിം മതമൗലികവാദികൾ രംഗത്തു വന്നതുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരി 15 നാണ് പിണറായി വിജയൻ പോസ്റ്റിടുന്നത്.


'പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് കുറച്ചുപേർ ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃശ്ചികമായി കാണാനാവില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാൻ പറ്റില്ല. ഇക്കാര്യത്തിൽ ഹിന്ദു വർഗീയവാദികളും മുസ്ലിം വർഗീയവാദികളും തമ്മിൽ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല' എന്ന് പഴയ കുറിപ്പിൽ പിണറായി വിജയൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.


"പോറ്റിയേ..." പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ്‌ സിപിഎം വഴിതുറക്കുന്നതെന്ന് മറ്റൊരു എഫ്ബി പോസ്റ്റിൽ വിടി ബൽറാം ആരോപിച്ചു. പാട്ടെഴുതിയ ആളുടേയും മറ്റ്‌ അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന്‌ ശേഷമാണ്‌ ഇത്‌ മതനിന്ദയാണ്‌ എന്ന നിലയിലുള്ള പ്രചരണത്തിന്‌ സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത്‌ എന്നത്‌ കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ്‌ മറ്റ്‌ പല വിഷയങ്ങളിലുമെന്നത്‌ പോലെ സിപിഎം ലക്ഷ്യമാക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ തോൽവിയിൽ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തിൽ കൈവിട്ട കളിയാണ്‌ കളിക്കുന്നത്‌.


ജാഗ്രത പുലർത്തേണ്ടത്‌ കേരളമാണ്‌. ബൽറാം കുറിച്ചു.

Previous Post Next Post