തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

ന്യൂഡൽഹി: വിവാദമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബിൽ ( VB-G RAM G Bill ) ഇന്നു തന്നെ പാർലമെന്റിൽ പാസ്സാക്കാൻ നീക്കം. ബിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സർക്കാർ തള്ളി. പുതിയ ആണവോർജ ബില്ലിനു (ശാന്തി ബിൽ) ശേഷം തൊഴിലുറപ്പ് പദ്ധതി ബിൽ പാർലമെന്റിൽ പരിഗണിച്ച് പാസ്സാക്കിയെടുക്കാനാണ് നീക്കം.


പുതിയ ബില്ലിൽ എൻഡിഎ സഖ്യകക്ഷിയായ ടിഡിപിയും ജെഡിയുവും ആശങ്ക അറിയിച്ചതായാണ് റിപ്പോർട്ട്. ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് ടിഡിപി ആവശ്യപ്പെടുന്നത്. ബില്ലിനെ എതിർക്കുമെന്ന് അകാലിദളും അറിയിച്ചിട്ടുണ്ട്. ബില്ലിനെതിരെ പാർലമെന്റിലെ പ്രതിഷേധത്തിന് രൂപം നൽകാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്ത്യ സഖ്യ നേതാക്കൾ രാവിലെ യോഗം ചേർന്നിരുന്നു.


വിവാദ ബില്ലിൽ ഭേദഗതികൾ നിർദേശിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ ( ഗ്രാമീൺ) (വിബിജി റാം ജി) ബിൽ 2025 എന്ന പേരിലുള്ള ബിൽ ഇന്നലെയാണ് കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാൻ പാർലമെന്റിൽ അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദു ചെയ്താണ് പുതിയ നിയമം കൊണ്ടു വരാനുള്ള ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.


ഗാന്ധിജിയുടെ പേര് ഒഴിവാക്കി അവതരിപ്പിച്ച ബില്ലിനെതിെര വൻ പ്രതിഷേധമാണ് ലോക്സഭയിൽ ഇന്നലെ നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സങ്കല്പം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന സർക്കാരാണിതെന്നും മഹാത്മാഗാന്ധി ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതിഷേധത്തിന് മറുപടിയായി പറഞ്ഞു. എംപിമാർക്ക് വിതരണം ചെയ്ത കരടുപ്രകാരം, തൊഴിൽ ദിനങ്ങൾ പ്രതിവർഷം 100ൽ നിന്നു കുറഞ്ഞതു 125 ദിവസമാകും. ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരുമെന്നും വ്യവസ്ഥ ചെയ്യുന്നു.

Previous Post Next Post