'ഭൂരിപക്ഷമാണ് മാനദണ്ഡമെങ്കിൽ എല്ലാ കാര്യത്തിലും അത് വേണം'; വി ഡി സതീശന് എതിരെ ഒളിയമ്പുമായി മാത്യൂ കുഴൽനാടൻ

കൊച്ചി: കൊച്ചി കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ മാത്യു കുഴൽ നാടൻ എംഎൽഎ. ഒരിടത്തൊരു നീതി, മറ്റൊരിടത്ത് വേറൊരു നീതി എന്ന നിലപാട് പറ്റില്ലെന്ന് കുഴൽ നാടൻ പറഞ്ഞു. ഭൂരിപക്ഷമാണ് മാനദണ്ഡമെങ്കിൽ എല്ലാ കാര്യത്തിലും അത് തുടരണം എന്നും കുഴൽനാടൻ പറഞ്ഞു.


സ്വീകാര്യത പല വിധത്തിലാണ്. സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സംഘടനാ രംഗത്ത് നിൽക്കുന്നവർക്ക് സ്വാഭാവികമായി പല രീതിയിൽ എതിർപ്പ് നേരിടേണ്ടി വരും. പാർട്ടിക്കകത്ത് ബൈലാറ്ററലായിട്ട് വരുന്നവരുണ്ട്. അവർക്ക് അങ്ങനെയുള്ള എതിർപ്പുണ്ടായിരിക്കില്ല. അവർക്ക് പാർട്ടിയുടെ ഡിസിഷൻ മേക്കിങ്ങിൽ പങ്കില്ലാത്തത് കൊണ്ടാണ് എതിർപ്പില്ലാത്തതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. എല്ലാ കാര്യത്തിലും കീറിക്കെട്ടി ഭൂരിപക്ഷം പരിശോധിക്കുന്ന രീതി മാനദണ്ഡമാകുകയാണോ എന്നെനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.


കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്ത സാഹചര്യത്തിൽ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയ ദീപ്തി മേരി വർഗീസിനെ പിന്തുണച്ചു നേരത്തെ മാത്യു കുഴൽനാടൻ എം എൽ എ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നായിരുന്നു പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുഴൽനാടന്റെ പ്രതികരണം. ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഴൽനാടൻ ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും കുറിച്ചിരുന്നു.

Previous Post Next Post