മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ സന്ദേശമുള്‍ക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്.
ശൈത്യത്തിന്റെ കാഠിന്യത്തിലും സ്‌നേഹത്തിന്റെ ചൂടു പകരുന്നു ഈ ഉത്സവം.
തിരുപ്പിറവി നേരത്ത് ആകാശത്ത് വിരിഞ്ഞ ആ വലിയ നക്ഷത്രം വെറുമൊരു അടയാളമായിരുന്നില്ല. അത് പ്രത്യാശയുടെ കിരണമായിരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. വീട്ടുമുറ്റത്ത് പുല്‍ക്കൂടൊരുക്കിയും വർണവിളക്കുകള്‍ കത്തിച്ചും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമൊക്കെയായി ഇത്തവണയും ക്രിസ്മസ് ആഘോഷം ദിവസങ്ങള്‍ക്ക് മുന്നേ തുടങ്ങി.
സമ്മാനങ്ങള്‍ നല്‍കിയും കേക്ക് മുറിച്ചും കരോള്‍ സംഗീതത്തിൻറെ അകമ്ബടിയുമായി സാന്താക്ലോസ് എത്തുന്നതുമെല്ലാം ക്രിസ്മസ് ദിവസത്തിന് മാറ്റ് കൂട്ടുന്നു. ആശംസാ സന്ദേശങ്ങളടങ്ങിയ കാർഡുകളും കൈമാറി, ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ് പരസ്പരം കൈമാറുന്ന കേക്കിന്റെ മധുരവും സമ്മാനപ്പൊതികളും കേവലം ചടങ്ങുകളല്ല, മറിച്ച് ഹൃദയങ്ങള്‍ തമ്മിലുള്ള പാലങ്ങളാണ്.
സ്വർണസിംഹാസനങ്ങള്‍ വെടിഞ്ഞ് ഒരു പുല്‍ക്കൂട്ടില്‍ പിറവി കൊണ്ട ദൈവപുത്രൻ നമുക്ക് നല്‍കുന്ന പാഠം വിനയത്തിന്റേതാണ്. വൈക്കോലുകൊണ്ടൊരുക്കിയ മെത്തയില്‍ ഉറങ്ങുന്ന ഉണ്ണിയേശു, എളിയവരുടെ കൂടെ നിലകൊള്ളാൻ നമ്മെ ഓരോരുത്തരേയും ഓർമ്മിപ്പിക്കുന്നു.