ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന് ജാമ്യമില്ല; ഹര്‍ജി തള്ളി

കൊല്ലം: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.


സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിലും, രേഖകളിൽ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബർ 20 നാണ് കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ പത്മകുമാർ അറസ്റ്റിലായത്. ദ്വാരപാലക ശില്പകേസിലും പത്മകുമാർ നിലവിൽ റിമാൻഡിലാണ്.


മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പത്മകുമാർ വ്യക്തമാക്കിയിരുന്നത്. മിനിറ്റ്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിക്കുന്നു.


കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ഇതാദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരി​ഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.

Previous Post Next Post