പാലക്കാട് ഇന്ത്യ മുന്നണി?, ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫ് - യുഡിഎഫ് നീക്കം, സ്വതന്ത്രനെ പിന്തുണച്ചേയ്ക്കും

പാലക്കാട്: പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം അവസാനിപ്പിക്കാൻ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും സ്വതന്ത്രന് പിന്തുണ നൽകിയേക്കും. 53 അംഗങ്ങളുള്ള നഗരസഭയിൽ 25 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. സിപിഎമ്മിന് എട്ടും, യുഡിഎഫിന് 17 സീറ്റുകളുമാണ് ലഭിച്ചത്. മൂന്ന് സീറ്റുകളിൽ സ്വതന്ത്രരും വിജയം നേടി.



കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകൾ വേണമെന്നിരിക്കെയാണ് എൽഡിഎഫും യുഡിഎഫും സ്വതന്ത്രന് പിന്തുണ നൽകി ഭരണം പിടിക്കാൻ ശ്രമിക്കുന്നത്. 48-ാം വാർഡിൽ വിജയിച്ച എച്ച് റഷീദിന് പിന്തുണ നൽകാനാണ് നീക്കം. കോൺഗ്രസിനോട് ഇടഞ്ഞായിരുന്നു താങ്ങും തണലും എന്ന കൂട്ടായ്മയുടെ പിന്തുണയോടെ എച്ച് റഷീദ് മത്സരത്തിന് ഇറങ്ങിയത്. വാശിയേറിയ മത്സരമായിരുന്നു 48-ാം വാർഡിൽ നടന്നത്. ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ തന്നെ റഷീദ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ചർച്ചകൾ ഉരുത്തിരിയുന്നത്. മതേതര പാർട്ടികളെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠനും പ്രഖ്യാപിച്ചു. സിപിഎമ്മിന് മതേതര നിലപാടുകളാണ് ഉള്ളതെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞുവയ്ക്കുന്നു.


പാലക്കാട് നഗരസഭയിൽ 2015 ൽ ആണ് ബിജെപി ആദ്യമായി അധികാത്തിലെത്തുന്നത്. 24 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി സ്വതന്ത്രരുടെ പിന്തുണ ഭരണം നേടുകയായിരുന്നു. യുഡിഎഫ് 18, എൽ ഡി എഫ് 6, സ്വതന്ത്രർ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില. 2020 ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം പിച്ചു. 52 അംഗ നഗരസഭാ കൗൺസിലിൽ അവർക്ക് 28 അംഗങ്ങൾ ബിജെപിക്ക് ഉണ്ടായിരുന്നു.

Previous Post Next Post