പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതികളുടെ പശ്ചാത്തലത്തിൽ 'തീവ്രത' പരാമർശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് തോൽവി. പന്തളം നഗരസഭാ എട്ടാം വാർഡിൽ നിന്നാണ് ലസിത മത്സരിച്ചത്. നഗരസഭാ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു ലസിത എട്ടാം വാർഡിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്ഡിപിഐയ്ക്കും പിന്നിൽ ആണ് ലസിതയുടെ സ്ഥാനം. 138 വോട്ടാണ് ലസിത നായർക്ക് ലഭിച്ചത്.
കോൺഗ്രസിന്റെ ഹസീനയാണ് എട്ടാം വാർഡിൽ വിജയിച്ചത്. 14 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയം. 182 വോട്ടോടെ ബിജെപിയുടെ ലക്ഷ്മി കൃഷ്ണൻ രണ്ടാം സ്ഥാനത്തെത്തി. എസ്ഡിപിഐയുടെ തസ്നി ഹുസൈൻ 181 വോട്ട് നേടി.
രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമെന്നും മുകേഷ് എംഎൽഎയുടേത് തീവ്രത കുറഞ്ഞ പീഡനം എന്നുമുള്ള ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറികൂടിയായ ലസിത നായർ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇരുവരുടേയും കേസുകൾ രണ്ട് പശ്ചാത്തലത്തിലുള്ളവയാണെന്നും മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ല എന്നും ലസിത പറഞ്ഞിരുന്നു. മുകേഷിനെതിരെ കോടതി നടപടിയുണ്ടായിട്ടില്ലെന്നും വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം പുറത്തുനിൽക്കുന്നത്. അങ്ങനെ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കിൽ നടപടി വരുമായിരുന്നു എന്നും ലസിത നായർ പറഞ്ഞിരുന്നു.
