തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷമെത്തി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പും ( ഓറഞ്ച് അലർട്ട്), തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ അതിശക്ത മഴ ( യെല്ലോ അലർട്ട് ) മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തു നിന്നും തെക്കു പടിഞ്ഞാറൻ മൺസൂൺ ( കാലവർഷം) പൂർണമായി പിൻമാറിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതേസമയം വടക്കു കിഴക്കൻ മൺസൂണിന് ( തുലാവർഷം ) ദക്ഷിണേന്ത്യയിൽ തുടങ്ങിയതായുമാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, രായലസീമ, തെക്കൻ കർണാടക, കേരളം-മാഹി എന്നിവിടങ്ങളിലാണ് തുലാവർഷം എത്തിയിട്ടുള്ളത്. തുലാവർഷത്തിന്റെ ഭാഗമായി ഉച്ചയ്ക്കുശേഷം ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ മാസത്തിൽ സാധാരണയേക്കാൾ 15 ശതമാനം കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. കാലവർഷക്കാലത്ത്, സെപ്റ്റംബർ 30 വരെ ഇന്ത്യയിൽ 937.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സാധാരണ ലഭിക്കേണ്ടനിനേക്കാളും എട്ടു ശതമാനം അധിക മഴയാണ് ലഭിച്ചത്. സാധാരണ 868.6 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
