ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ രഹസ്യകേന്ദ്രത്തിൽ

പാലക്കാട്:  ശബരിമല സ്വർണ്ണക്കൊള്ളയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെപ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രാവിലെ പുളിമാത്തുള്ള വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. ദ്വാരപാലകപാളികളിലെയും കട്ടിളപ്പാളിയിലെയും സ്വർണക്കവർച്ചയിലാണ് ചോദ്യം ചെയ്യൽ.


പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ചതിന് ശേഷമാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. ഉണ്ണികൃഷ്ണൻ പോറ്റിയെ പൊലീസ് ആസ്ഥാനത്ത് എത്തിക്കും. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയതായാണ് വിവരം. കട്ടിളയുടെ പാളികൾ സ്ഥാപനത്തിൽ കൊണ്ടുവരുമ്പോൾ അതിൽ സ്വർണം ഉണ്ടായിരുന്നുവെന്ന് പങ്കജ് ഭണ്ഡാരി സമ്മതിച്ചിട്ടുണ്ട്. അതേസമയം ചെമ്പു പാളികൾ എന്നു രേഖപ്പെടുത്തിയാണ് ദേവസ്വം ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കട്ടിളയുടെ പാളികൾ കൊടുത്തുവിട്ടിരുന്നത്.


ശിൽപത്തിൽ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ മൊഴി എസ്‌ഐടി വിശ്വാസത്തിലെടുത്തിട്ടില്ല. ശബരിമലയിൽനിന്നു കൊണ്ടുവന്ന കട്ടിളയുടെ പാളികളിൽ ഉണ്ടായിരുന്ന 409 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസിൽ രാസപ്രക്രിയയിലൂടെ വേർതിരിച്ചെടുക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ 2019ൽ ശബരിമലയിൽ നിന്നെത്തിച്ച ദ്വാരപാലകശിൽപങ്ങളിൽനിന്നും സ്വർണം വേർതിരിച്ചിരുന്നതായി ഇവർ സമ്മതിച്ചു. ഇതിനുള്ള സൗകര്യം സ്ഥാപനത്തിൽ ഇല്ലാതിരുന്നതിനാൽ മഹാരാഷ്ട്രയിൽനിന്നുള്ള വിദഗ്ധനെ എത്തിച്ചാണ് സ്വർണം വേർതിരിച്ചത്. 577 ഗ്രാം സ്വർണമാണ് ദ്വാരപാലകശിൽപങ്ങളിൽനിന്നു വേർതിരിച്ചതെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

Previous Post Next Post