'സ്വന്തം അച്ഛനു വരെ പണി കൊടുത്തയാള്‍'; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി; ഓരോരുത്തരുടെ സംസ്‌കാരമെന്ന് മന്ത്രി

ആലപ്പുഴ: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദൈവനാമമായ തന്റെ പേര് ഇടയ്ക്കിടയ്ക്ക് പറഞ്ഞാൽ വെള്ളാപ്പള്ളിക്ക് മോക്ഷം കിട്ടുമെന്ന് ഗണേഷ് കുമാറിന്റെ പരിഹാസത്തോടു പ്രതികരിക്കുകയായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി.


ഗണേശനെക്കുറിച്ച് പല പ്രാവശ്യം പറഞ്ഞാൽ പുണ്യം കിട്ടുമെന്ന്. അത് ഏതു ഗണേശനാണ്. വിഘ്‌നേശ്വരനായ ഗണേശനാണ്. സുബ്രഹ്മണ്യൻ ലോകം ചുറ്റാനായി മയിലിന് പുറത്തു കയറി പോയപ്പോൾ ഭഗവാനായ ഗണേശൻ അച്ഛനും അമ്മയ്ക്കും ചുറ്റും ചുറ്റി. എന്നാൽ അച്ഛനും അമ്മയ്ക്കുമെതിരെ പാര വെച്ചനാണ് ഈ ഗണേശൻ. തന്തയ്ക്കിട്ട് പാരവെച്ച ഈ ഗണേശനെപ്പറ്റി എന്തു പറയാനാണ്. അമ്മയ്ക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ. ഇത് ഡ്യൂപ്ലിക്കേറ്റ് ഗണേശനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.


വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാറും പ്രതികരിച്ചു. അത് ഓരോരുത്തരുടെ സംസ്‌കാരമാണ്. എല്ലാവർക്കും ഒരേ സംസ്‌കാരമല്ല. ആ സംസ്‌കാരം ആളുകൾ തിരിച്ചറിഞ്ഞാൽ മതി. അതിന് മറുപടിയൊന്നും പറയുന്നില്ല. ആ ലെവലല്ല എന്റെ ലെവൽ. ഇത്തിരി കൂടിയ ലെവലാണ് തന്റേത്. പ്രായവും പക്വതയുമില്ലാതെ, കൾച്ചറില്ലാതെ പലരും പലതും സംസാരിക്കും. അതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. ആ ലെവലിലേക്ക് താഴാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

Previous Post Next Post