'എട്ടു മുക്കാൽ അട്ടിവെച്ചപോലെ'; നിയമസഭയിൽ അധിക്ഷേപ പരാമർശവുമായി മുഖ്യമന്ത്രി; വിവാദം

 

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ മറുപടിപ്രസംഗം നടത്തുന്നതിനിടെ അധിക്ഷേപ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിൽ കയറാൻ ശ്രമിച്ചതോടെ അവരെ വാച്ച് ആൻഡ് വാർഡ് തടഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംഎൽഎയുടെ ഉയരക്കുറവിനെ മുഖ്യമന്ത്രി പരിഹസിച്ച് രംഗത്തെത്തിയത്. എട്ടുമുക്കാലട്ടി വച്ചതു പോലെ തന്റെ നാട്ടിൽ ഒരു വർത്തമാനമുണ്ടെന്നും അത്രയും ഉയരമുള്ള ഒരാളാണ് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.


'എന്റെ നാട്ടിലൊരു വർത്തമാനമുണ്ട്. എട്ടുമുക്കാൽ അട്ടിവെച്ചപോലെ എന്ന്. അത്രയും ഉയരംമാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതിൽ ആക്രമിക്കാൻ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോൾ എല്ലാവർക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയാണ്. അതും വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം', മുഖ്യമന്ത്രി പറഞ്ഞു.


ശബരിമല സ്വർണപ്പാളി വിഷയത്തിൽ രണ്ടുദിവസമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ വിമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. 'ഈ സഭയിൽ രണ്ടുദിവസം സഭാനടപടികളാകെ സ്തംഭിപ്പിച്ച് പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമ്പോൾ എന്താണ് അവരുടെ ആവശ്യം? ഏത് പ്രതിപക്ഷത്തിനും സഭയിൽ ആവശ്യങ്ങളുന്നയിക്കാം. സർ അങ്ങ് പലവട്ടം ചോദിച്ചല്ലോ എന്താണ് ആവശ്യമെന്ന്. അവർ ഇതേവരെ ഉന്നയിക്കാൻ തയ്യാറായോ. എന്താണ് അവർ ഭയപ്പെടുന്നത്. അവർ ഉന്നയിച്ചാൽ ഉന്നയിക്കുന്ന ഏത് പ്രശ്നത്തിനും വിശദീകരണം നൽകാനും മറുപടി പറയാനും ഞങ്ങൾ തയ്യാറാണല്ലോ. എന്തിനാണ് അവർ ഭയപ്പെടുന്നത്. അവർ ഇവിടെ ഉയർത്തിയ ചില ബാനറുകളിൽ കാണാൻ കഴിഞ്ഞു, സഭയിൽ ഭയമെന്ന്. അത് അവർക്കുള്ള ഭയമല്ലേ. ആ ഭയത്തിന്റെ ഭാഗമായല്ലേ അവർ ഇവിടെ ഒരുപ്രശ്നവും ഉന്നയിക്കാതിരുന്നത്. ഉന്നയിക്കാൻ പല മാർഗങ്ങളുണ്ടല്ലോ. ചോദ്യോത്തരവേളയിൽ ഉന്നയിക്കാം. അടിയന്തരപ്രമേയമാകാം. ശ്രദ്ധക്ഷണിക്കലാകാം. സബ്മിഷനാകാം. അങ്ങനെ പല മാർഗങ്ങളുണ്ട്. ഇതിൽ ഏതെങ്കിലും ഒരു മാർഗം ഇതേവരെ സ്വീകരിക്കാൻ അവർ തയ്യാറായോ. എന്താണ് അതിന് കാരണം. അവർ ഭയപ്പെടുന്നു. വസ്തുതകളെ ഭയപ്പെടുന്നു.


വസ്തുതകൾ അവർക്ക് വലിയ വിഷമകരമായരീതിയിൽ ഉയർന്നുവരും. അത് ഭയപ്പെട്ടുകൊണ്ട് ഒന്നും സഭയിൽ ഉന്നയിക്കാൻ തയ്യാറല്ല. അതേസമയം, വല്ലാത്തൊരു പുകമറ സൃഷ്ടിക്കാൻ നോക്കുന്നു. പുകമറ സൃഷ്ടിക്കാൻ എളുപ്പമാണ്. അതിന് അവർക്ക് അവരുടേതായരീതികളുണ്ട്. ആ രീതികളോട് ചേർന്നുനിൽക്കുന്ന അവരുടെ സംവിധാനങ്ങളുമുണ്ട്. അതിനെയെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാകുമോ എന്നാണ് നോക്കുന്നത്. ഞങ്ങൾ അത്തരത്തിലുള്ള ഒരു പുകമറയെയും ഭയപ്പെടുന്നില്ല. വസ്തുതകൾ വസ്തുതകളായി അവതരിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്, മുഖ്യമന്ത്രി പറഞ്ഞു.


ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നകാര്യങ്ങളിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുണ്ടെന്നും ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപിയുടെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്. മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. അതെല്ലാം വന്നപ്പോൾ തങ്ങളുടെ കയ്യിൽ ഒന്നും പറയാനില്ല പിന്നെ ഇങ്ങനെയുള്ള ചില രീതികൾ കാണിക്കുക എന്നതാണ്.ഒരു ബോർഡിൽ കണ്ടു സിബിഐ അന്വേഷണം വേണമെന്ന്. അതിന് പിന്നിൽ ഒരു രാഷ്ട്രീയം ഉണ്ട്. സാധാരണ നിലയിലുള്ള പാർലമെന്ററി നടപടിക്രമം അറിയാത്തവരല്ല തങ്ങളൊന്നും അതൊരു ദൗർബല്യമായി പ്രതിപക്ഷം കാണുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


ഇതുവരെ സഭയിൽ കാണാത്ത നടപടികളാണ് പ്രതിപക്ഷം കൈക്കൊണ്ടത്. സ്പീക്കറുടെ മുഖം മറച്ച നടപടി അവർ ബോധപൂർവ്വം ചെയ്താണ്. പലയിടങ്ങളിൽ പാർലമെന്റ് പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിട്ടില്ല. സഭ രണ്ട് ദിവസം സ്തംഭിപ്പിച്ച പ്രതിപക്ഷം അവരുടെ ആവശ്യം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്താണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും എന്തിനാണ് അവർ ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.


അതേസമയം, മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ ബോഡി ഷെയിമിങിനെതിരെയും വിഡി സതീശൻ രൂക്ഷവിമർശനവുമായി രംഗത്തെത്തി. നിയമസഭയിലെ ഒരംഗത്തെ ഉയരക്കുറവുള്ളയാൾ, ശരീര ശേഷി ഇല്ലാത്തയാൾ എന്നൊക്കെ പറയുന്നുണ്ട്. ആരാണ് അളവുകോൽ ഇവരുടെ കയ്യിൽ കൊടുത്തിരിക്കുന്നത്? എത്ര പൊക്കം വേണം ഒരാൾക്ക്? മുഖ്യമന്ത്രിയുടെ കയ്യിൽ അളവുണ്ടോ? ഉയരക്കുറവിനെയും ആരോഗ്യ കുറവിനെയും കളിയാക്കാൻ പാടില്ല. ഇത് പൊളിറ്റിക്കലി ഇൻകറ്ട് ആയിട്ടുള്ള പ്രസ്താവനയാണ്. ഇവർ പുരോഗമന വാദികളാണെന്ന് വെറതേ പറയുന്നവരാണ്. 19-ാം നൂറ്റാണ്ടിലെ സ്‌പെയിനിൽ ജീവിക്കണ്ടവരാണിവരെന്നും വിഡി സതീശൻ പറഞ്ഞു.

Previous Post Next Post