ഞെട്ടിക്കുന്ന സംഭവം, കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട് : താമരശേരി ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ മിന്നൽ സമരം പ്രഖ്യാപിച്ച് ഡോക്ടർമാർ. കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവൻ പ്രവർത്തനവും നിർത്തിവച്ചതായും മറ്റിടങ്ങളിൽ അത്യാഹിത മാത്രമേ പ്രവർത്തിക്കുയുളളുവെന്നും കെജിഎംഒഎ നേതാക്കൾ പറഞ്ഞു. അതേസമയം ഡോക്ടറെ വെട്ടിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അക്രമം അപലപീനയമാണെന്നും സംഭവത്തിൽ കർശനനടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.


ജോലിസുരക്ഷ ഉറപ്പാക്കുന്നതിൽ സംവിധാനം പരാജയപ്പെട്ടെന്ന് കെജിഎംഒഎ പറഞ്ഞു. ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട സമയത്ത് നൽകിയ ഉറപ്പ് പാഴായെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് താമരശേരി താലുക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോക്ടർ അപകടനില തരണം ചെയ്തു. അക്രമി സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


അമീബിക് മസ്തിഷ്‌ക ജ്വരം  ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച സനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയിൽ വെട്ടുകയായിരുന്നു. 'എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ' എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. 'എന്റെ കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും' സനൂപ് ആക്രോശിച്ചു. സാരമായി പരിക്കേറ്റ ഡോക്ടർ വിപിനെ താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓഗസ്റ്റിലാണ് കുട്ടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചത്.


അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയെ ആദ്യം ചികിത്സിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. ഈ സമയത്ത് ആശുപത്രി അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പനി ബാധിച്ച് എത്തിയ കുട്ടിക്ക് വേണ്ട ചികിത്സ നൽകിയില്ലെന്നായിരുന്നു കുടുംബം പരാതിപ്പെട്ടിരുന്നത്.

Previous Post Next Post