'ഒന്നും അറിയില്ല'; പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോ എന്ന ചോദ്യത്തില്‍ മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോ എന്നൊന്നും അറിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അതേപ്പറ്റി ഒന്നും ഞാൻ മനസ്സിലാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകളെപ്പറ്റി അറിയില്ലെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഒപ്പിട്ടതിൽ നിന്നും പിന്മാറാൻ കഴിയുമോ എന്ന ചോദ്യത്തിനും അറിയില്ല എന്നായിരുന്നു മറുപടി.


അപ്പോൾ ഒന്നും അറിയാതെയാണോ എംഒയുവിൽ ഒപ്പിട്ടതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, അങ്ങനെയൊക്കെ ചോദിച്ചാലൊന്നും താൻ ഒന്നും പറയാൻ പോകുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അങ്ങനെ വിശ്വസിക്കുന്നെങ്കിൽ വിശ്വസിച്ചോളൂ എന്നും മന്ത്രി പറഞ്ഞു.


എൽഡിഎഫിന്റെ ഉന്നത നേതാക്കളും മുഖ്യമന്ത്രിയും അടക്കം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തിൽ, താൻ എന്തെങ്കിലും പറയുമെന്ന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് മന്ത്രി ശിവൻകുട്ടി ചോദിച്ചു. അക്കാര്യം അവർ പറയട്ടെ. അങ്ങനെയൊന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടെന്നും മന്ത്രി പറഞ്ഞു.


സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ, പിഎം ശ്രീ പദ്ധതിയിൽ സമവായ സാധ്യത തെളിഞ്ഞത്. സിപിഐയുടെ എതിർപ്പ് കണക്കിലെടുത്ത് പദ്ധതി തൽക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പദ്ധതി വിലയിരുത്താനായി ഉപസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Previous Post Next Post