പദ്ധതി തൽക്കാലം മരവിപ്പിക്കും; പിഎം ശ്രീയിൽ സമവായം, തർക്കം തീരുന്നു

 

തിരുവനന്തപുരം: സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ, പിഎം ശ്രീ പദ്ധതിയിൽ സമവായ സാധ്യത തെളിഞ്ഞു.  സിപിഐയുടെ എതിർപ്പ് കണക്കിലെടുത്ത് പദ്ധതി തൽക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പിഎം ശ്രീ പദ്ധതിയുടെ പല മാനദണ്ഡങ്ങളും നിർദേശങ്ങളും കേരളത്തിന് അംഗീകരിക്കാനാകില്ല. അതിൽ ഇളവു വേണം. എങ്കിൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കത്തയക്കാനാണ് തീരുമാനമായിട്ടുള്ളത്. പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഉപസമിതി രൂപീകരിക്കും.


നവംബർ രണ്ടാം തീയതി ( ഞായറാഴ്ച ) ഇടതുമുന്നണി യോഗം ചേരാനും ധാരണയായിട്ടുണ്ട്. ഈ യോഗത്തിൽ പദ്ധതിയിൽ എന്തെല്ലാം മാനദണ്ഡങ്ങളിലാണ് മാറ്റം വേണ്ടത്, എന്തെല്ലാം കാര്യങ്ങളിലാണ് ഇളവ് വേണ്ടത് തുടങ്ങിയ വിഷയങ്ങൾ എൽഡിഎഫിൽ വിശദമായി ചർച്ച ചെയ്യും. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാകും കേന്ദ്രസർക്കാരിന് കത്തയക്കുക. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയിൽ തീരുമാനമെടുക്കുക. ഇക്കാര്യം എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചു.


സിപിഎമ്മിന്റെ സമവായ നിർദേശങ്ങൾ സിപിഐ അംഗീകരിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വൈകീട്ട് 3.30 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും. പിഎം ശ്രീ പദ്ധതിയിൽ സിപിഎം മുൻനിലപാടിൽ നിന്നും പിന്നോട്ടു പോയതും, മന്ത്രിസഭായോഗത്തിൽ നിന്നും മന്ത്രിമാർ വിട്ടു നിൽക്കുന്നത് ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നതും കണക്കിലെടുത്താണ്, കാബിനറ്റിൽ പങ്കെടുക്കാൻ സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് വിട്ടുനിൽക്കൽ പ്രതിബന്ധമാകും. കൂടാതെ പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ഒരായുധം നൽകുന്ന നടപടിയാകുമെന്നും സിപിഐ നേതൃയോഗം വിലയിരുത്തി.


പി എം ശ്രീ പദ്ധതിയിൽ പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ എന്നിവർ തമ്മിൽ കൂടിയാലോചന നടത്തിയിരുന്നു. തുടർന്ന് എംഎ ബേബി സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് മൂന്നു നിർദേശങ്ങൾ അടങ്ങിയ കത്ത് നൽകിയിരുന്നു. പിഎം ശ്രീ പദ്ധതി പരിശോധിക്കാൻ ഉപസമിതി രൂപീകരിക്കാം. ആ സമിതി വിലയിരുത്തുന്നതുവരെ പദ്ധതി നടപ്പാക്കുന്നത് മരവിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കാമെന്നും സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

Previous Post Next Post