ശിവൻകുട്ടിയുടേതല്ല, എഐവൈഎഫ് കത്തിച്ചത് ഇടതുപക്ഷ മുന്നണിയുടെ കോലം: ഇപി ജയരാജൻ

 

കണ്ണൂർ: പിഎം ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വർഗീയ ഫാസിസ്റ്റ് ശക്തികളാണ് അതിനെതിരെ പ്രതികരിക്കുന്നത് ഇടതുപക്ഷമാണ്. അതിന്റെ ശക്തികേന്ദ്രമാണ് കേരളം. ആ കേരളത്തിലുണ്ടാകുന്ന പോറലുകൾ കേരളത്തിലെ ജനങ്ങളെ മാത്രമല്ല ഇന്ത്യയിലെ വർഗീയ വിരുദ്ധ ശക്തികളെയും വല്ലാതെ ഉത്കണ്ഠപ്പെടുത്തും. അത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാവാതിരിക്കാൻ എല്ലാ പാർട്ടികളും നല്ല രീതിയിൽ കാര്യങ്ങൾ നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യാം. ഉള്ള കാര്യങ്ങളെല്ലാം പാർട്ടിയെന്ന നിലയിൽ ചർച്ച ചെയ്യുന്നുണ്ട്. അങ്ങനെ ചർച്ച ചെയ്തു പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾ മാത്രമേ കേരളത്തിലുള്ളൂവെന്നും ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


പൊതുവേദിയിലേക്ക് ഇത്തരം വിഷയങ്ങൾ വലിച്ചിഴയ്ക്കപ്പെട്ടത് ദോഷം ചെയ്യും അത് ഓരോരുത്തരും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്. കണ്ണൂരിൽ എഐവൈഎഫ് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചത് തെറ്റാണ്. ഇവിടെ കോലം കത്തിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെതാണ്. ഇവിടെ അവരുടെ കോലമാണോ കത്തിക്കേണ്ടതെന്നും ജയരാജൻ ചോദിച്ചു.


രാജ്യം അപകടപ്പെടുകയാണ് ഇപ്പോഴിതാ എസ്‌ഐആർ വന്നിരിക്കുകയാണ്. ബിഹാറിൽ നിന്നും ലക്ഷക്കണക്കിനാളുകളെ വോട്ടർ പട്ടികയിൽ നിന്നും മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ആ ആപത്തിനെതിരെയാണ് പൊരുതേണ്ടത്. അത്തരം ഫാസിസ്റ്റ് ഭീകരതയുടെ രൂപങ്ങളെയാണ് അഗ്‌നിക്കിരയാക്കേണ്ടത്. അതിനു പകരം ഇവിടെ എന്തെങ്കിലും പാളിച്ചകൾ വന്നിട്ടുണ്ടെങ്കിൽ ഓരോരുത്തരും പരിശോധിക്കട്ടെയെന്നും ഇപി ജയരാജൻ പറഞ്ഞു.

Previous Post Next Post