തിരുവനന്തപുരം: 2026 ലെ എസ്എസ് എൽ സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 5 ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. മാർച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷകൾ രാവിലെ 9.30 ന് തുടങ്ങും. ഐടി, മോഡൽ പരീക്ഷകൾ 2026 ജനുവരി 12 മുതൽ 22 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.
എസ്എസ്എൽസി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. അപേക്ഷയും പരീക്ഷാഫീസും പിഴ കൂടാതെ ഒടുക്കേണ്ട തീയതി 2025 നവംബർ 12 മുതൽ 19 വരെയാണ്. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്നത് നവംബർ 21 മുതൽ 26 വരെയാണ്.
മൂല്യനിർണയം 2026 ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. മെയ് 08 ന് ഫലപ്രഖ്യാപനം നടത്തും. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 3000 കേന്ദ്രങ്ങളാണ് പരീക്ഷക്കായി സജ്ജമാക്കുന്നത്. നാലുലക്ഷത്തി 25 ആയിരം കുട്ടികളാണ് 2026 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
ഹയർസെക്കൻഡറി പരീക്ഷ
ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ 2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെ നടക്കും. ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെ നടക്കും. ഒന്നാം വർഷ പരീക്ഷ ഉച്ചയ്ക്ക് ശേഷം 1.30 നും, രണ്ടാം വർഷ പരീക്ഷകൾ രാവിലെ 9.30 നും ആരംഭിക്കും.
വെള്ളിയാഴ്ച രാവിലെ 9. 15 ന് തുടങ്ങി ഉച്ചയ്ക്ക് 12 ന് അവസാനിക്കും.രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 26 വരെ നടക്കും.
ഫൈനില്ലാതെ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കേണ്ട അവസാന തീയതി 2025 നവംബർ മാസം ഏഴാണ്. ഫൈനോടു കൂടി ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബർ 13. സൂപ്പർ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബർ 25 ആണ്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളിൽ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ എഴുതുമെന്ന് കരുതുന്നു. ഗൾഫ്, ലക്ഷദ്വീപ് എന്നിവയെല്ലാം ചേർത്ത് 2000 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.ോ
