കേരള രജിസ്ട്രാർക്ക് തിരിച്ചടി; സസ്പെൻഷന് എതിരായ ഹർജി തള്ളി; വീണ്ടും സിൻഡിക്കേറ്റ് ചേരാൻ നിർദേശം

 


കൊച്ചി: സസ്‌പെൻഷനെതിരെ കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വൈസ് ചാൻസലറുടെ സസ്‌പെൻഷൻ നിലനിൽക്കുമോയെന്ന് തീരുമാനിക്കാൻ സിൻഡിക്കേറ്റിനെ കോടതി ചുമതലപ്പെടുത്തി. ഇതിനായി വീണ്ടും സിൻഡിക്കേറ്റ് യോഗം വിളിക്കാനും ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ച് ഉത്തരവിൽ നിർദേശിച്ചു.


സസ്‌പെൻഷൻ തുടരണോയെന്ന് സിൻഡിക്കേറ്റിന് തീരുമാനിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാൻസലറുടെ സസ്‌പെൻഷൻ നടപടി നിയമവിരുദ്ധമാണെന്നും, തന്റെ നിയമന അധികാരി സിൻഡിക്കേറ്റ് ആണെന്നും അതിനാൽ നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് മാത്രമാണെന്നും രജിസ്ട്രാർ കോടതിയിൽ വാദിച്ചിരുന്നു. രജിസ്ട്രാറുടെ ചുമതല നിർവഹണം വിസി തടയുകയാണെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.


അതിനാൽ വൈസ് ചാൻസലറുടെ സസ്‌പെൻഷൻ നടപടി റദ്ദാക്കി, രജിസ്ട്രാർ പദവിയിൽ തുടരാൻ അനുവദിക്കണമെന്നും ഡോ. കെ എസ് അനിൽകുമാർ ഹർജിയിൽ ആവശ്യപ്പെട്ടു. ആവശ്യം തള്ളിയതോടെ, ഡോ. കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ തുടരും. സസ്‌പെൻഷനിൽ തീരുമാനമെടുക്കാൻ വീണ്ടും സിൻഡിക്കേറ്റ് ചേരണമെന്നും കോടതി നിർദേശിച്ചു. വിസി - സിൻഡിക്കേറ്റ് പോരിൽ ഹൈക്കോടതി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.


സർവകലാശാലയിൽ എലിയും പൂച്ചയും കളി തുടരുകയാണെന്നും, ആർക്കു വേണ്ടിയാണ് ഇങ്ങനെ പരസ്പരം പോരടിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാറായിരുന്ന ഡോ. കെ എസ് അനിൽകുമാറിനെ വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ സസ്‌പെൻഡ് ചെയ്തത്. എന്നാൽ ഈ തീരുമാനം പിന്നീട് സിൻഡിക്കേറ്റ് യോഗം ചേർന്ന് പിൻവലിച്ചെങ്കിലും അംഗീകരിക്കാൻ വിസി കൂട്ടാക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് സസ്‌പെൻഷനെതിരെ രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചത്.

Previous Post Next Post