കൊച്ചി: ലക്ഷദ്വീപിൽ ഇനി തേങ്ങ പറിക്കാനും നിയന്ത്രണം. ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലെ റോഡുകൾക്ക് സമീപത്തുള്ള തെങ്ങുകളിൽ നിന്നും തേങ്ങ പറിയ്ക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അനുമതി വാങ്ങണം എന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കുടിയായ ഡെപ്യൂട്ടി കളക്ടർ മുകുന്ദ് വല്ലഭ് ജോഷിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങൾക്ക് അപകടം സംഭവിക്കുന്നത് തടയുക എന്നതാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമന്നെും ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപ് നിവാസികളുടെ പരമ്പരാഗതമായ തൊഴിൽ മേഖലയും പ്രാഥമിക ഉപജീവനമാർഗ്ഗവുമാണ് തെങ്ങ് കൃഷി. ദ്വീപുകളിൽ നിരവധി പൊതുവഴികൾ ഉള്ളതിനാൽ, ധാരാളം തെങ്ങുകൾ പുതിയ ഉത്തരവിന്റെ പരിധിയിൽ വരും.
തേങ്ങ പറിക്കുന്നതിന് കൂടുതൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം എന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്. തെങ്ങ് കയറുന്ന വ്യക്തി അംഗീകൃത ക്ലൈംബിംഗ് ഗിയർ (തെങ്ങുകയറ്റ ഉപകരണം) ഉപയോഗിക്കണം, താഴെയുള്ളവർ ഹെൽമെറ്റുകൾ/ഗ്ലൗസുകൾ ഉപയോഗിക്കണം. ഗതാഗതത്തിരക്ക്, സ്കൂൾ തുടങ്ങിയ സമയങ്ങളിൽ തേങ്ങ പറിക്കാൻ പാടില്ല. തുറമുഖങ്ങളിൽ കപ്പൽ എംബാർക്കേഷൻ/ഡി-എംബാർക്കേഷൻ സമയങ്ങളിലും നിയന്ത്രണങ്ങൾ പാലിക്കണം എന്നും ഉത്തരവ് പറയുന്നു. സുരക്ഷാ നടപടികളില്ലാതെ തേങ്ങ പറിയ്ക്കുന്നതും, ഇവ വീഴുന്നതും ഗതാഗതം തടസം ഉൾപ്പെടെ ഉണ്ടാക്കുന്നു എന്നും ഉത്തരവിൽ പറയുന്നു. തേങ്ങറിയ്ക്കുന്നതിന് മുൻപ് ഒരുക്കേണ്ട സന്നാഹങ്ങളെ കുറിച്ചും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്. മരങ്ങൾക്ക് ചുറ്റും കുറഞ്ഞത് 10 മീറ്റർ സുരക്ഷാ വലയം ഉറപ്പാക്കാണം. തേങ്ങ പറിക്കുന്ന സമയത്ത് 'ഒരു സൂപ്പർവൈസർ നിലത്ത് ഇരിക്കണം, റോഡിൽ നിരീക്ഷണം നടത്തണം. കാൽനടയാത്രികരെയും പാർക്കിങ്ങും നിയന്ത്രിക്കണം എന്നിങ്ങനെ പോകുന്നു നിർദേശങ്ങൾ.
പൊതുവഴിയോട് ചേർന്നുള്ള തെങ്ങുകളിൽ നിന്നും തേങ്ങ പറിക്കാൻ ഉദ്ദേശിക്കുന്ന ഉടമയോ കരാറുകാരനോ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും പ്രദേശത്തെ എസ് എച്ച് ഒ, അസി. എൻജിനീയർ (റോഡ്), എൽപിഡബ്ല്യുഡി എന്നിവരെ അറിയിക്കണം. ഇവരുടെ അനുമതി ലഭിച്ച ശേഷം മാത്രമേ ജോലി തുടങ്ങാൻ സാധിക്കു എന്നും ഓഗസ്റ്റ് 28 ന് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നീക്കം ഇതിനോടകം വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തിക്കഴിഞ്ഞു. നിർദേശങ്ങൾ പ്രായോഗികമല്ലെന്നാണ് പ്രധാന വിമർശനം. ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇതിനോടകം ലക്ഷദ്വീപ് ജില്ലാ കളക്ടർക്ക് നിവേദനവും പ്രദേശവാസികൾ നൽകിക്കഴിഞ്ഞു.
അതേസമയം, ഒരാൾ പോലും തേങ്ങ വീണുണ്ടായ അപകടത്തിൽ മരിച്ചിട്ടില്ലാത്ത ലക്ഷദ്വീപിൽ ഇത്തരം നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത് വിചിത്രമാണെന്ന് ലക്ഷദ്വീപ് ഡിസിസി പ്രസിഡന്റ് എം ഐ ആറ്റക്കോയ പറഞ്ഞു. വിചിത്രമായ ഉത്തരവ് അപകടം ഉണ്ടാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. നിയന്ത്രണങ്ങൾ മൂലം ആളുകൾ തേങ്ങ പറിയ്ക്കുന്നത് നിർത്താൻ ഇടയാക്കും. ഇത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.
സുരക്ഷയെ മുൻനിർത്തിയാണ് ഉത്തരവെങ്കിലും ദ്വീപിലെ തൊഴിൽ അവകാശത്തിന്മേലുള്ള കടന്നു കയറ്റം കൂടിയാണിതെന്നും വിമർശനം ഉയരുന്നുണ്ട്. നിയന്ത്രണങ്ങൾ തെങ്ങുകയറ്റ തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന് എന്ന് അഭിഭാഷകനായ അജ്മൽ അഹമ്മദ് ആർ പറയുന്നു. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കൂടിയാലോചനയോ അഭിപ്രായം തേടലോ ഉണ്ടായിട്ടില്ലെന്നും അജ്മൽ ജില്ലാ കളക്ടർക്ക് മുമ്പാകെ സമർപ്പിച്ച തന്റെ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിർദ്ദേശം പിൻവലിക്കാൻ ജില്ലാ കളക്ടർ തയ്യാറായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
