ആകാശത്തൊരു ഓണസദ്യ! യുഎഇയിൽ നിന്നുള്ള വിമാനങ്ങളിൽ ഓണ സദ്യ കഴിക്കാം

 

ദുബൈ: ഈ ഓണത്തിന് ആകാശത്തിരുന്ന ഓണസദ്യ ആസ്വദിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വഴിയുണ്ട്. യാത്ര ചെയ്യുന്നവർക്ക് ഒരു വിരുന്നായി, വിമാനക്കമ്പനികൾ കേരളത്തിന്റെ ഓണ രുചികൾ ആകാശത്തേക്ക് കൊണ്ടുവരുന്നു.


സെപ്റ്റംബർ ആറ് വരെ യുഎഇയിൽ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും ഉള്ള അന്താരാഷ്ട്ര വിമാനങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക ഓണ സദ്യ ഭക്ഷണം നൽകുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചു.


എയർലൈനിന്റെ 'ഗൗർമയർ' മെനുവിന്റെ ഭാഗമായ ഈ ഓണ സദ്യ യാത്രക്കാർക്ക് അവരുടെ വിമാന യാത്രയ്ക്ക് 18 മണിക്കൂർ മുമ്പ് വരെ മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു.


25 ദിർഹം വിലയുള്ള ഓണസദ്യ, വാഴയില പോലെ തോന്നിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത കസ്റ്റം പാക്കേജിങ്ങിലാകും നൽകുക.


കേരളത്തിന്റെ സ്വർണ്ണ കസവ് മുണ്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആ ശൈലിയിൽ രൂപകൽപ്പന ചെയ്ത പെട്ടിയിലാണ് ഓണസദ്യ വരുന്നത്.


സദ്യയുടെ മെനുവിൽ മട്ട അരി ചോറ്, നെയ്, പരിപ്പ് മിക്സഡ് വെജിറ്റബിൾ തോരൻ,എരിശ്ശേരി,അവിയൽ,കൂട്ടു കറി, സാമ്പാർ എന്നീ വിഭവങ്ങൾ ഉണ്ടാകും.


ഇതിന് പുറമെ ഇഞ്ചി പുളി, മാങ്ങാ അച്ചാർ, ചിപ്‌സ്, ശർക്കര വരട്ടി പായസം എന്നിവയും സദ്യയിൽ ഉണ്ടാകും.


അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവയുൾപ്പെടെ യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏകദേശം 525 പ്രതിവാര വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നു. എയർലൈനിന്റെ വിപുലമായ ശൃംഖലയിൽ മംഗളൂരുവിൽ നിന്നുള്ള വിമാനങ്ങളും ഉൾപ്പെടുന്നു.


വിമാനങ്ങളിൽ ഓണസദ്യ വിളമ്പുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷവും അതിനു മുമ്പുള്ള വർഷവും ദുബൈയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളിൽ ഓണസദ്യ വിളമ്പിയിരുന്നു. ഓണത്തിന്റെ ഭാഗമായി സെപ്റ്റംബർ പകുതി വരെ എല്ലാ ക്യാബിൻ ക്ലാസുകളിലും അന്ന് ഓണ വിഭവങ്ങൾ നൽകി.


ആഴ്ചയിൽ കൊച്ചിയിലേക്ക് 14 തവണയും , തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ ഏഴ് തവണയും എമിറേറ്റ്സ് വിമാനത്തിലും, ഓണ സദ്യയുടെ ക്യൂറേറ്റഡ് മെനു നൽകിയിരുന്നു,


Previous Post Next Post