തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ കഴിക്കാതെ ഓണം എങ്ങനെ പൂർത്തിയാകും? പപ്പടം, സാമ്പാർ, രസം, തോരൻ, ഇഞ്ചിക്കറി, അങ്ങനെ 26 കൂട്ടം വിഭവങ്ങൾ ഉൾപ്പെടുന്നതാണ് പരമ്പരാഗത ഓണസദ്യ. ഇന്ന് അത് 12 കൂട്ടമായി ചുരുങ്ങി. ആയുർവേദം പ്രകാരം ആറ് രസങ്ങൾ, അതായത് എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നിവ ചേരുന്നതാണ് സമ്പൂർണമായ സദ്യ. വിഭവങ്ങൾ പോലെ തന്നെ പോഷകസമൃദ്ധവുമാണ് സദ്യ. എന്നാൽ ഓണസദ്യ കഴിക്കുന്നതിലൂടെ ശരീരത്തിൽ എത്ര കലോറിയാണ് എത്തുന്നതെന്ന് അറിയാമോ?
ഏതാണ്ട് 2000 കിലോയ്ക്ക് മുകളിൽ കലോറി സദ്യയിൽ അടങ്ങിയിട്ടുണ്ട്. പുരുഷന്മാർക്ക് ഒരു ദിവസം ഏതാണ്ട് 1800-2000 കലോറിയും സ്ത്രീകൾക്ക് 1800 കലോറിയും ആവശ്യമാണ്. കലോറിയാണ് ശരീരം ഊർജ്ജമായി ഉപയോഗിക്കുന്നത്. എന്നാൽ ഭക്ഷണത്തിലൂടെ കിട്ടുന്ന കലോറി ഉദാസീനമായ ജീവിതശൈലി കാരണം അധികം വരുന്നത് ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞു കൂടുന്നു. ഇത് ക്രമേണ അമിതവണ്ണം, ഹൃദയസ്തംഭനം, ഹൃദാഘാതം, പ്രമേഹം പോലുള്ള രോഗാവസ്ഥയിലേക്ക് നയിക്കും.
ഓണസദ്യയിൽ അടങ്ങിയിരിക്കുന്ന വിഭവങ്ങളുടെ കലോറി അറിഞ്ഞിരിക്കുന്നത് ശരീരത്തിലെത്തുന്ന കലോറിയെ കൂടുതൽ ഉപയോഗപ്പെടുത്താനും അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരവുമായിരിക്കും.
വിഭവങ്ങളിൽ അടങ്ങിയ കലോറി
കായ വറുത്തത് : 4 എണ്ണം - 50 കിലോകലോറി
ശർക്കരവരട്ടി : 4 എണ്ണം - 100 കിലോകലോറി
പഴം: ഒന്ന് ( ഞാലിപ്പൂവൻ പാളയംകോടൻ)- 50 കിലോകലോറി
തോരൻ (കാബേജ്, കാരറ്റ് ): മൂന്ന് ടേബിൾ സ്പൂൺ - 70 കിലോ കലോറി
ഇഞ്ചിക്കറി: ഒരു ടേബിൾ സ്പൂൺ - 70 കിലോകലോറി
അച്ചാർ: ഒരു ടീസ്പൂൺ (നാരങ്ങ, മാങ്ങ )- 20 കിലോകലോറി
പച്ചടി: ഒരു ടേബിൾസ്പൂൺ - 60 കിലോകലോറി
കിച്ചടി: രണ്ട് ടേബിൾ സ്പൂൺ - 50 കിലോകലോറി
കൂട്ടുകറി : രണ്ട് ടേബിൾ സ്പൂൺ: 100 കിലോകലോറി
അവിയൽ: ഒരു കപ്പ് : 150 കിലോകലോറി
ഓലൻ: രണ്ട് ടേബിൾ സ്പൂൺ 80 കിലോകലോറി.
ചോറ് ( കുത്തരി ): ഒന്നര കപ്പ് - 260 കിലോകലോറി.
പരിപ്പ് : ഒരു കപ്പ്- 60 കിലോകലോറി.
നെയ്യ്: ഒരു ടീസ്പൂൺ - 45 കിലോകലോറി.
പപ്പടം : രണ്ടെണ്ണം - 120 കിലോകലോറി.
സാമ്പാർ: ഒരു കപ്പ് - 60 കിലോ കലോറി.
കാളൻ: അരക്കപ്പ് - 40 കിലോ കലോറി.
രസം : ഒരു കപ്പ് - 30 കിലോ കലോറി.
പായസം : പാൽ പായസം - ഒരു കപ്പ് -200 കിലോ കലോറി.
പായസം : ശർക്കര പായസം - ഒരു കപ്പ് 220 കിലോ കലോറി.
മോര് : ഒരു കപ്പ്- 35 കിലോ കലോറി.
