സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് വൈക്കത്താണ് ബിനോയിയുടെ ജനനം. ബിഎ, എൽഎൽബി ബിരുദധാരിയാണ്. എഐഎസ്എഫിലൂടെയാണ് ബിനോയ് വിശ്വം പൊതുപ്രവർത്തന രംഗത്തേക്കെത്തുന്നത്. നാദാപുരത്ത് നിന്ന് രണ്ടുതവണ നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2006-11ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിൽ വനം, ഭവന മന്ത്രിയായിരുന്നു. 2018 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാന കൗൺസിലിന്റെ അംഗസംഖ്യ വർധിപ്പിക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 100 ആയിരുന്നത് 103 ആയിട്ടാണ് വർധിപ്പിച്ചത്. സംസ്ഥാന കൗൺസിലിൽ നിന്നും ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെയും ഇ എസ് ബിജിമോൾ എംഎൽഎയെയും ഒഴിവാക്കി. എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ, തിരുവനന്തപുരത്തു നിന്നുള്ള മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
കൊല്ലത്തു നിന്നുള്ള ജി എസ് ജയലാൽ എംഎൽഎയെ ഇത്തവണയും സിപിഐ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തിയിട്ടില്ല. കൊല്ലത്തെ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നാണ് കഴിഞ്ഞ പാർട്ടി സംസ്ഥാന സമ്മേളനത്തിനു മുമ്പ് ജയലാൽ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താകുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും ജയലാലിനെ കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നില്ല.
എറണാകുളം ജില്ലയിൽ നിന്നും കെ എൻ സുഗതൻ സംസ്ഥാന കൗൺസിലിൽ ഇടംനേടി. കെ എം ദിനകരൻ, കമല സദാനന്ദൻ എന്നിവർ സംസ്ഥാന കൗൺസിലിൽ സ്ഥാനം നിലനിർത്തി. പി കെ രാജേഷ് കൺട്രോൾ കമ്മീഷൻ അംഗമാകും. മിക്ക ജില്ലകളിൽ നിന്നും നിരവധി പുതുമുഖങ്ങൾ സംസ്ഥാന കൗൺസിലിൽ ഇടംനേടിയിട്ടുണ്ട്. നേരത്തെ സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയിരുന്നത്.
