'എയിംസ് ആലപ്പുഴയിലോ തൃശൂരോ സ്ഥാപിക്കണം, ഇല്ലെങ്കിൽ തമിഴ്‌നാടിന് കൊടുക്കും'; ആപ്പ് വച്ചാൽ തിരിച്ച് വയ്ക്കാനറിയാമെന്ന് സുരേഷ് ഗോപി

തൃശൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് ഫോറൻസിക് സയൻസ് മെഡിക്കൽ ഇൻസ്റ്റ്യൂട്ട് തുടങ്ങാൻ 2016 മുതൽ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശ്ശൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച കലുങ്ക് സൗഹാർദ വികസന സംവാദത്തിൽ പുള്ള് പാടത്തെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


എയിംസുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി തന്റെ മനസിലുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഢയുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ആലപ്പുഴയാണ് എയിംസ് ഫോറൻസിക് സയൻസ് മെഡിക്കൽ ഇൻസ്റ്റ്യൂട്ട് തുടങ്ങാൻ യോഗ്യമായ പ്രദേശം. എന്നാൽ സംസ്ഥാന സർക്കാർ ഇതിന് തയ്യാറല്ല. തൃശൂരിൽ പദ്ധതി നടപ്പാക്കാനും ആവശ്യപ്പെടും. സംസ്ഥാനത്തിന് താത്പര്യം തിരുവനന്തപുരത്ത് എയിംസ് തുടങ്ങാനാണ്. ചോദിക്കുന്നിടത്ത് സ്ഥലം അനുവദിച്ചില്ലെങ്കിൽ കേന്ദ്രം മറ്റ് വഴികൾ തേടും. കേന്ദ്രമന്ത്രി അമിത് ഷാ ഇക്കാര്യം പരിഗണിക്കുന്നുണ്ട്.


കേന്ദ്രം ചോദിക്കുന്നിടത്ത് സ്ഥലം തന്നില്ലെങ്കിൽ പദ്ധതി തമിഴ്‌നാട്ടിലേക്ക് നിർദേശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ വിളിച്ച് പൊള്ളാച്ചിയിലോ കോടാമ്പാക്കത്തോ എയിംസ് സ്ഥാപിക്കാൻ നിർദേശിക്കുമെന്നാണ് സുരേഷ് ഗോപിയുടെ പരാമർശം. ഇങ്ങോട്ടേക്ക് ആപ്പ് വെക്കുകയാണെങ്കിൽ തിരിച്ച് ആപ്പ് കൊടുക്കാനും അറിയാമെന്നും സുരേഷ് ഗോപി മുന്നറിയിപ്പ് നൽകുന്നു.

Previous Post Next Post