കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ഇതിൽ സർക്കാരിന്റെ റോൾ എന്താണ്?. അയ്യപ്പന്റെ പേരിൽ പണം പിരിക്കാൻ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ അയ്യപ്പന്റെ പേരിൽ പണപ്പിരിവ് നടത്തുന്നില്ലെന്ന് സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചു. പരിപാടി നടത്തിപ്പിൽ ദേവസ്വം ബോർഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ആഗോള അയ്യപ്പ സംഗമത്തിൽ ആരെയൊക്കയാണ് ക്ഷണിക്കുന്നതെന്നും ഇവരെയൊക്ക എവിടെ താമസിപ്പിക്കുമെന്നും പണപ്പിരിവ് നടത്തിയാൽ ആ പണം എങ്ങനെ ഉപയോഗിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. സർക്കാരിന് വേണ്ടി അഡ്വ. ജനറൽ കെ ഗോപലകൃഷ്ണക്കുറുപ്പ് നേരിട്ട് ഹാജരായി. ശബരിമല വികസനത്തിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ആരിൽ നിന്നും നിർബന്ധിതമായി പണപ്പിരിവ് നടത്തുന്നില്ലെന്നും സർക്കാർ അറിയിച്ചു. സ്‌പോണസർഷിപ്പ് വാങ്ങുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയിതായും 1300 കോടി രൂപയാണ് ശബരിമല മാസ്റ്റർ പ്ലാൻ നടത്തിപ്പിന് വേണ്ടി വരുന്നതെന്നും റോപ്പ്് വേ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ ആരെങ്കിലും സഹായവുമായി എത്തിയാൽ സ്വീകരിക്കേണ്ടതില്ലേയെന്നും സർക്കാർ അറിയിച്ചു.
നേരത്തെ വിജയ് മല്യ ശബരിമയിൽ സ്വർണം പൂശിയ കാര്യം സർക്കാർ കോടതിയെ അറിയിച്ചപ്പോൾ ആ പുവർ മാൻ ഇപ്പോൾ വിദേശത്താണെന്നും കോടതി മറുപടിയായി പറഞ്ഞു. ആഗോള സംഗമവുമായി ബന്ധപ്പെട്ട് പലകാര്യങ്ങളിലും വ്യക്തയില്ലെന്നേ് കോടതി ചൂണ്ടിക്കാട്ടി. ആഗോള അയ്യപ്പസംഗമത്തിൽ ആളുകളെ ക്ഷണിക്കുന്നതിൽ പ്രത്യേക മാനദണ്ഡമുണ്ടോ എന്നും കോടതി ചോദിച്ചു. ഇതിന് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലെന്നും വിശ്വാസികളെ മാത്രമാണ് പരിപാടിക്ക് ക്ഷണിക്കുന്നതെന്നും സർക്കാർ അറിയിച്ചു.
അയ്യപ്പനിൽ വിശ്വസമില്ലാത്തവരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നായിരുന്നു ഹർജിക്കാരൻരെ വാദം. സനാധനധർമത്തെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് അയ്യപ്പസംഗമം നടത്തുന്നത് ദുരുദ്വേശത്തോടെയാണ്. മതസ്ഥാപനങ്ങളുടെ പരിസരത്ത് മതപരമല്ലാത്ത ഒരു പരിപാടികളും സംഘടിപ്പിക്കരുതെന്നാണ് നിയമം. അത് മറികടന്നാണ് അയ്യപ്പസംഗമം നടത്താനുള്ള തീരുമാനം. സ്‌പോൺസർഷിപ്പ് അടക്കം ഏത് തരത്തിലും സ്വീകരിക്കുന്ന പണം മൂർത്തിയുടേതാണെന്നും അത് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും ഹർജിക്കാരൻ പറഞ്ഞു. അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിരിക്കുന്നതെല്ലാം രാഷ്ട്രീയ നേതാക്കളെയാണെന്നും വ്രതമെടുത്ത് ആചാരങ്ങൾ പാലിക്കുന്നവരാണ് അയ്യപ്പൻമാരെന്നും അത്തരത്തിലുള്ള ഒരാൾ പോലും സംഗമത്തിൽ പങ്കെടുക്കുന്നില്ലെന്നും പിന്നെ ഇതെങ്ങനെ അയ്യപ്പസംഗമമാകുമെന്നും ഹർജിക്കാരൻ ചോദിച്ചു.
