തൃശൂർ: കുന്നംകുളത്ത് പൊലീസ് മർദനത്തിനിരയായ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വിഎസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വർണമാല ഊരിനൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഈമാസം 15-ന് വിവാഹിതനാകുന്ന സുജിത്തിന് തന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവൻ സ്വർണമാലയാണ് സമ്മാനമായി നൽകിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ വേദിയിലുണ്ടായിരുന്നു. സുജിത്തിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിലായിരുന്നു സമ്മാനം നൽകിയത്.
പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ വിവാഹക്കാര്യം സൂചിപ്പിച്ചപ്പോൾ ജോസഫ് ടാജറ്റ് എഴുന്നേറ്റ് വേദിയിൽ ഉണ്ടായിരുന്ന സുജിത്തിന് മാല കഴുത്തിലിട്ടു നൽകുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സുജിത്തിന് സ്വർണമോതിരം സമ്മാനമായി നൽകിയിരുന്നു. നിയമപോരാട്ടത്തിൽ സുജിത്തിനൊപ്പം നിന്ന വർഗീസ് ചൊവ്വന്നൂരിന് ഡിസിസി എക്സിക്യുട്ടീവ് സ്ഥാനംകൂടി നൽകിക്കൊണ്ടുള്ള പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തിൽ നടത്തി.
2023 ഏപ്രിൽ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം സ്റ്റേഷനിൽ അതിക്രൂരമായ മർദനം നേരിട്ടത്. ഇതേത്തുടർന്ന് സുജിത്തിന് കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയിൽ അന്നുമുതൽ സുജിത്ത് നടത്തിയ പോരാട്ടമാണ് ദൃശ്യങ്ങൾ ലഭ്യമാകുന്നതിനും പൊലീസുകാരുടെ സസ്പെൻഷനും വഴിവെച്ചത്. സുജിത്തിനെ മർദിച്ച എസ്ഐ നുഹ്മാൻ (വിയ്യൂർ സ്റ്റേഷൻ), സീനിയർ സിപിഒ ശശിധരൻ (തൃശ്ശൂർ ടൗൺ ഈസ്റ്റ്), സിപിഒമാരായ സജീവൻ (തൃശ്ശൂർ ടൗൺ ഈസ്റ്റ്), സന്ദീപ് (മണ്ണുത്തി) എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തത്.
