ദുബായ്: ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിന് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ഇന്നിറങ്ങുന്നു. യുഎഇയാണ് ഇന്ത്യയുടെ എതിരാളികൾ. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം. ഇന്ത്യൻ ഇലവനിൽ സഞ്ജു സാംസൺ ഉൾപ്പെടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനത്തിൽ പ്രതിസന്ധി ഉടലെടുത്തത്. അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായാണ് കഴിഞ്ഞ മത്സരങ്ങളിൽ സഞ്ജു കളിച്ചിരുന്നത്. ഗില്ലിനെ ഓപ്പണറാക്കിയാൽ സഞ്ജു മധ്യനിരയിൽ താഴേക്ക് ഇറങ്ങി കളിക്കേണ്ടി വരും. എന്നാൽ ഐപിഎല്ലിൽ മികച്ച ഫോമിൽ കളിച്ച് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ അഞ്ചാം സ്ഥാനത്തിന്് ശക്തമായ വാദമുയർത്തുന്നു.
ഓൾറൗണ്ടർമാരായി ഹർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും ടീമിൽ ഇടംപിടിക്കും. ജസ്പ്രീത് ബുംറയും അർഷിദീപ് സിങ്ങുമാകും പേസാക്രമണത്തിന് ചുക്കാൻ പിടിക്കുക. കുൽദീപ് യാദവ്- വരുൺ ചക്രവർത്തി സഖ്യത്തിനാകും സ്പിൻ വിഭാഗത്തിന്റെ ചുമതല. വേഗവും ബൗൺസുമുള്ള, പേസർമാരെ തുണയ്ക്കുന്ന പിച്ചാണ് ഏഷ്യാകപ്പിനായി ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
എതിരാളികളായ യുഎഇയുടെ മുഖ്യപരിശീലകൻ ഇന്ത്യക്കാരനായ ലാൽ ചന്ദ് രജപുത്താണ്. 2007 ൽ ഇന്ത്യ ലോകകപ്പ് ജേതാക്കളായപ്പോൾ അന്ന് പരിശീലകന്റെ ചുമതല ടീം മാനേജരായിരുന്ന രജപുത്തിനായിരുന്നു. ഇന്ത്യൻ ടീമിന്റെ ശക്തിദൗർബല്യങ്ങളെല്ലാം നന്നായറിയാവുന്ന രജ്പുത്ത്, ഇന്ത്യയെ അനായാസം ജയിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം
