'അതു ഞങ്ങളുടെ രീതിയല്ല, എന്താണ് നടന്നതെന്ന് പരിശോധിക്കും'; കണ്ണൂരിലെ ശിലാഫലക വിവാദത്തിൽ മന്ത്രി റിയാസ്

 

കണ്ണൂർ: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാർക്കിന്റേയും സീ പാത്ത് വേയുടേയും ശിലാഫലകം മാറ്റിസ്ഥാപിച്ചെന്ന് ആരോപണത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ണൂർ ഡി ടി പി സിയുടെ കീഴിലുള്ള സീവ്യൂ പാർക്കിൽ മുൻ സർക്കാരിന്റെ കാലത്തെ നവീകരണ പ്രവർത്തനത്തിന്റെ ശിലാഫലകം മാറ്റിവച്ചു എന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകുവാൻ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.



ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത അതേ പദ്ധതി ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തെന്ന് ആരോപിച്ച് കണ്ണൂർ കോൺഗ്രസ് ഘടകം ഉൾപ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം. പുതിയ ശിലാഫലകം സ്ഥാപിച്ചത് അൽപ്പത്തരത്തിന്റെ അങ്ങേയറ്റമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉൾപ്പെടെ ആരോപിച്ചിരുന്നു.


2022 മാർച്ച് ആറിനാണ് വീണ്ടും നവീകരിച്ച സീവ്യൂ പാർക്കിന്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയിൽ ആ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ മുൻസർക്കാരുകളുടെ കാലത്തു നടന്ന വികസനപ്രവർത്തനങ്ങൾ തമസ്‌ക്കരിക്കുന്ന രീതി ഞങ്ങൾ സ്വീകരിക്കാറില്ല. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


2015 മെയ് 15ന് നടന്ന ഉദ്ഘാടന ചടങ്ങിന്റെ ശിലാഫലകം അടർത്തിയെടുത്ത് മാറ്റി അതേ സ്ഥലത്ത് പുതിയ ശിലാഫലകം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് സ്ഥാപിക്കുകയാണ് ചെയ്തത്. ഉമ്മൻ ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയിൽ തള്ളി അതിന്മേൽ ചൂലെടുത്തു വെച്ച നിലയിൽ കണ്ടെത്തിയെന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. ആരുടെ നിർദ്ദേശപ്രകാരമാണ് ഇതു ചെയ്തതെന്ന് വ്യക്തമാക്കണം. ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം കോൺഗ്രസ് പ്രവർത്തകർ പാർക്കിന്റെ കവാടത്തിൽ വെച്ചിട്ടുണ്ട്. ഇതു തകർക്കുകയോ എടുത്തുമാറ്റുകയോ ചെയതാൽ ഇവിടെ തന്നെ പുന:സ്ഥാപിക്കുമെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

Previous Post Next Post