കഴിഞ്ഞ സീസണിലെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വരുമാനം 9741.7 കോടി...!

 

മുംബൈ: കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) ലഭിച്ചത് റെക്കോർഡ് വരുമാനം. 2023-24 സമ്പത്തിക വർഷം ബിസിസിഐയുടെ ആകെ വരുമാനം 9741.7 കോടി രൂപയാണെന്നു വ്യക്തമാക്കുന്ന കണക്കുകള‍ാണ് പുറത്തു വന്നത്. ഇതിൽ 5761 കോടി രൂപയും ഐപിഎല്ലിൽ നിന്നു മാത്രമുള്ള വരുമാനമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോർഡ്. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള രണ്ടാമത്തെ കായിക സംഘടന. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സ്ഥാപിച്ച റെക്കോർഡുകൾക്ക് സമീപകാലത്തൊന്നും മാറ്റമുണ്ടാകില്ലെന്നു ചരുക്കം.


ആകെ വരുമാനത്തിന്റെ 60 ശതമാനത്തോളമാണ് ഐപിഎല്ലിൽ നിന്നു മാത്രം ബിസിസിഐയ്ക്കു ലഭിച്ചത്. ക്രിക്കറ്റിൽ തന്നെ വൻ മാറ്റങ്ങള‍ുമായി 2008ലാണ് ഐപിഎൽ ആരംഭിച്ചത്. വരുമാനത്തിന്റെ സിംഹഭാ​ഗവും വരുന്നത് സംപ്രേഷണാവകാശത്തിൽ നിന്നാണ്. ബിസിസിഐ വരുമാനത്തിന്റെ പ്രധാന ശ്രോതസും സംപ്രേഷണാവകാശത്തിൽ നിന്നു തന്നെ. കഴിഞ്ഞ സാമ്പത്തിക വർഷം 361 കോടി രൂപയാണ് ഇത്തരത്തിൽ ബിസിസിഐയ്ക്കു ലഭിച്ചത്.


ബിസിസിഐയുടെ പക്കൽ നിലവിൽ 30,000 കോടിയിൽപ്പരം രൂപയുണ്ടെന്നാണ് കണക്കെന്നു സാമ്പത്തിക വിദ​ഗ്ധനായ സന്ദീപ് ​ഗോയൽ വ്യക്തമാക്കി. പലിശയിനത്തിൽ മാത്രം ബിസിസിഐയ്ക്ക് വാർഷികമായി 1000 കോടി രൂപയോളം ലഭിക്കുന്നുണ്ട്. വാർഷിക വരുമാനത്തിൽ 10 മുതൽ 12 ശതമാനം വരെ വളർച്ചയുണ്ടെന്നും ​ഗോയൽ പറയുന്നു.


ആഭ്യന്തര ക്രിക്കറ്റ് പോരാട്ടങ്ങളായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടങ്ങളും ബിസിസിഐയ്ക്കു മുന്നിലെ വരുമാനം വർധിപ്പിക്കാൻ സാധ്യത നൽകുന്ന പോരാട്ടങ്ങൾ തന്നെയാണെന്നു ​ഗോയൽ പറയുന്നു. ആഭ്യന്ത പോരാട്ടങ്ങളുടെ വാണജ്യവത്കരണത്തിലൂടെ ബിസിസിഐയ്ക്കു ഇതു സാധ്യമാക്കാമെന്ന സാധ്യതകളാണ് ​ഗോയൽ ചൂണ്ടിക്കാട്ടുന്നത്.

Previous Post Next Post