മുംബൈ: ഭർത്താവുമായി ശാരീരിക ബന്ധം നിഷേധിക്കുന്നതും അയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും ക്രൂരതയ്ക്ക് തുല്യമാണെന്നും വിവാഹമോചനത്തിന് കാരണമാണെന്നും ബോംബെ ഹൈക്കോടതി. കുടുംബക്കോടതിയുടെ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭർത്താവ് സമർപ്പിച്ച വിവാഹ മോചന ഹർജി അനുവദിച്ച കുടുംബക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹർജി കോടതി തള്ളുകയായിരുന്നു. ഒരു ലക്ഷം രൂപ മാസം ജീവനാംശം ലഭിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. 2013ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2014 ഡിസംബറിൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. 2015ൽ ഭാര്യയുടെ ക്രൂരത ആരോപിച്ച് ഭർത്താവ് പൂന കുടുംബ കോടതിയെ സമീപിച്ചു. കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.
ഭർത്താവിന്റെ വീട്ടുകാർ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും എന്നാൽ ഭർത്താവിനോട് തനിക്ക് ഇപ്പോഴും സ്‌നേഹമുണ്ടെന്നും അതിനാൽ വിവാഹ ബന്ധം വേർപിരിയാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹർജിയിൽ പറഞ്ഞു. എന്നാൽ ശാരീരിക ബന്ധം നിഷേധിക്കൽ, വിവാഹേതര ബന്ധങ്ങൾ ഉണ്ടെന്ന് സംശയിക്കൽ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ജീവനക്കാരുടേയും മുന്നിൽ തന്നെ അപമാനിച്ചുകൊണ്ട് മാനസികമായി പീഡിപ്പിക്കൽ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് ഭർത്താവ് വിവാഹമോചന ഹർജിയിൽ ആരോപിച്ചത്. ഭർത്താവിന്റെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് അപമാനിക്കുന്നതും അംഗ വൈകല്യമുള്ള സഹോദരിയോടുള്ള ഭാര്യയുടെ പെരുമാറ്റം വേദനയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.