കോട്ടയം: എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്തു നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം.
'കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ മതി കേരളാ ഗവൺമെന്റ് എന്ന സ്ഥിതിയാണ്. കേരളത്തിൽ മുസ്ലിം ലീഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്, ഇങ്ങനെ പോയാൽ അച്യുതാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ നാട് ആകുമെന്നും' അദ്ദേഹം പറഞ്ഞു.
'കേരളത്തിൽ മറ്റ് സമുദായങ്ങൾ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഈഴവർ ജാതി പറഞ്ഞാൽ വിമർശനമാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുമെന്നും' വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു. എസ്എൻഡിപി യോഗം രാഷ്ട്രീയ ശക്തി ആകണംമെന്നും അംഗങ്ങൾ അവരവരുടെ പാർട്ടികളിൽ നിന്നും അവകാശം നേടി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.