'കഴിഞ്ഞ ജന്മത്തില്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു, ഭൃഗുസംഹിതയില്‍ പറഞ്ഞതെല്ലാം ജീവിതത്തില്‍ സംഭവിച്ചു'

തിരുവനന്തപുരം: രാജാവിനെ ധിക്കരിച്ചതിനെ തുടർന്ന് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മന്ത്രിയായിരുന്നു മുൻ ജന്മത്തിൽ താനെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ്. യൂട്യൂബ് ചാനലിലാണ് അലക്സാണ്ടർ ജേക്കബ് പൂർവ ജന്മത്തെ കുറിച്ചും ജ്യോതിഷത്തെകുറിച്ചുമുള്ള ധാരണകൾ തുറന്നുപറയുന്നത്. കഴിഞ്ഞ ജന്മത്തിൽ താൻ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു എന്നും 100 വർഷങ്ങൾക്കു മുമ്പ് ഭൃഗുമുനി എഴുതിയ ഭൃഗുസംഹിതയിൽ തന്റെ പൂർവ്വകാലവും വരുംകാലവും എഴുതിവെച്ചിരുന്നുവെന്നും അലക്‌സാണ്ടർ ജേക്കബ് പറയുന്നു. ഭൃഗുസംഹിതയിൽ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് ജീവിതത്തിൽ സംഭവിച്ചു. കോളജ് അധ്യാപകനായിരുന്ന താൻ പിന്നീട് ഐപിഎസ് നേടി. ജീവിത പങ്കാളിയുടെ പേരിൽ പോലും പ്രവചനം ശരിയായെന്നും അലക്സാണ്ടർ ജേക്കബ് പറയുന്നു.


തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായിരിക്കെയാണ് ശ്രീധര പണിക്കർ എന്ന ജ്യോതിഷിയെ കുറിച്ചറിയുന്നത്. കേട്ടറിഞ്ഞത് പരീക്ഷിക്കാനായാണ് അവിടെ പോയത്. തന്നെ കണ്ടതോടെ തന്നെ തെക്കിൽനിന്നാണ് വരുന്നതെന്നും ബഹുമാനം കുറവാണെന്നും പറഞ്ഞു. അദ്ദേഹമാണ് ഭൃഗുസംഹിത ഉദ്ധരിച്ച് ഭൂതവും ഭാവിയും പ്രവചിച്ചത്. അമ്പലപ്പുഴ രാജാവായിരുന്ന രാമേന്ദ്രനെ ധിക്കരിച്ചതിനെ തുടർന്ന് ആദ്യജന്മത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കുളത്തിൽ മുക്കിയാരുന്നു വധശിക്ഷ നടപ്പാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.


ഈ ജീവിതത്തിലും മന്ത്രിസ്ഥാനം വഹിക്കുമെന്നും, രാജാവിന്റെ അതൃപ്തി ഏറ്റുവാങ്ങരുത് എന്നും ഉപദേശിച്ചു. തലയിൽ കിരീടമുള്ള ജോലി ലഭിക്കുമെന്നായിരുന്നു മറ്റൊരു പ്രവചനം. ഉപദേശം സ്വീകരിച്ചാണ് സിവിൽ സർവീസ് എഴുതിയത്. ഐഎഎസ് മോഹിച്ച തനിക്ക് കിട്ടയത് ഐപിഎസ് ആയിരുന്നു. തലയിൽ കിരീടമുള്ള ജോലി എന്നും അലക്സാണ്ടർ ജേക്കബ് പറയുന്നു.


പി രാമേന്ദ്രൻ കേരള ഗവർണറായപ്പോൾ 1986ൽ ഞാൻ അദ്ദേഹത്തിന്റെ എഡിസിയായി നിയമിതനായി. ഇതും പ്രവചനവുമായി ബന്ധപ്പെട്ടതായിരുന്നു. പൂർവജന്മത്തിൽ താൻ മന്ത്രിയായിരുന്ന അമ്പലപ്പുഴ രാജാവിന്റെ പേരും രാമേന്ദ്രൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ എഡിസിയായി പത്ത്മാസം ജോലി ചെയ്തു. പിന്നീട് ഗവർണർ പറഞ്ഞത് അനുസരിച്ചാണ് തന്നെ അന്നത്തെ നായനാർ സർക്കാർ കോട്ടയം എസ് പിയായി പോസ്റ്റ് ചെയ്തതെന്നും മുൻ ഡിജിപി പറയുന്നു.


പൂർവജന്മത്തിൽ താൻ പ്രേമത്തിലായിരുന്ന സ്ത്രീ തന്റെ മരണ ശേഷം ആത്മഹത്യ ചെയ്തിരുന്നു എന്നും ജ്യോതിഷി പറഞ്ഞിരുന്നു. ആ സ്ത്രീ ഈ ജന്മത്തിലും ഭാര്യയാകും. കൊല്ലം രാജ്യത്ത് പോയി അങ്ങ് ആ സ്ത്രീയെ വിവാഹം കഴിക്കണമെന്നും പ്രകാശത്തിന്റെ പേരായിരിക്കും അവൾക്ക് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ഭാര്യ എലിസബത്തിന്റെ വീട് കൊല്ലത്താണ്. കുടുംബങ്ങൾ ഇടപെട്ട് നടത്തിയ വിവാഹത്തിന് ശേഷമാണ് ഭാര്യയെ വീട്ടിൽ വിളിക്കുന്ന പേര് പ്രഭയാണെന്ന് തിരിച്ചറിഞ്ഞ് എന്നും അലക്‌സാണ്ടർ ജേക്കബ് പറയുന്നു. പ്രഭ എന്നാൽ പ്രകാശം എന്നാണ് അർത്ഥമാക്കുന്നത്, ഇവിടെയും പ്രവചനം സത്യമായെന്നാണ് മുൻ ഡിജിപിയുടെ വാദം.

Previous Post Next Post