ഇനി ഒറ്റയ്ക്ക്; ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് ആം ആദ്മി

 

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിൽ നിന്ന് പിൻമാറിയതായി ആം ആദ്മി പാർട്ടി. എംപിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ സഞ്ജയ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യാ സഖ്യയോഗം നാളെ നടക്കാനിരിക്കെയാണ് തീരുമാനം.


'ആംആദ്മി പാർട്ടി ഇനി ഇന്ത്യാസഖ്യത്തിന്റെ ഭാഗമല്ലെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പാർട്ടി പങ്കെടുക്കുകയുമില്ല' സഞ്ജയ് സിങ് പറഞ്ഞു, 2024 ലോക്‌സഭാ തെഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉണ്ടാക്കിയ സംവിധാനമാണ് ഇന്ത്യാ സഖ്യം.


'ഡൽഹിയിലെയും ഹരിയാണയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ ഞങ്ങൾ സ്വതന്ത്രമായിട്ടാണ് നേരിട്ടത്. ഇനി വരുന്ന ബിഹാർ തെരഞ്ഞെടുപ്പിലും ഞങ്ങൾ ഒറ്റയ്ക്കാണ് മത്സരിക്കുക. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിലും ഞങ്ങൾ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ലോക്‌സഭയിൽ പ്രശ്‌നങ്ങൾ ആംദ്മി പാർട്ടി ശക്തമായി ഉന്നയിക്കും. എന്നും ശക്തമായ പ്രതിപക്ഷത്തിന്റെ റോൾ പാർട്ടി നിർവഹിച്ചിട്ടുണ്ട്. ഇനി ആം ആദ്മി ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ല,'- സഞ്ജയ് സിങ് പറഞ്ഞു.


അതേസമയം പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുമായി തന്ത്രപരമായ ഐക്യങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.പാർലമെന്റിലെ കാര്യങ്ങളിൽ തൃണമൂൽ കോൺഗ്രസ്, ഡിഎംകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുകയും ഞങ്ങളുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ ഐക്യസഖ്യത്തെ നയിക്കുന്നതിലുള്ള കോൺഗ്രസിന്റെ പങ്ക് സംബന്ധിച്ച് എഎപി നേതാവ് വിമർശനവും ഉന്നയിച്ചു. ഇന്ത്യ ബ്ലോക്കിനെ വിപുലീകരിക്കാൻ ശ്രമം നടത്താത്തതിലും പരസ്പരമുള്ള വിമർശനങ്ങളിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.

ജൂലൈ 21-ന് ആരംഭിക്കാൻ പോകുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുമ്പായി, രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുകയാണ് നാളത്തെ ഇന്ത്യാസഖ്യയോഗത്തിന്റെ അജണ്ട. ഓൺലൈനായാണ് യോഗം നടക്കുക. ഏറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് യോഗം നടക്കുന്നത്.

Previous Post Next Post