ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്


ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്.

രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറി, ജയില്‍ മേധാവി, ജയില്‍ ഡിഐജിമാർ, സെൻട്രല്‍ ജയില്‍ സൂപ്രണ്ടുമാർ എന്നിവർ യോഗത്തില്‍ പങ്കെടുക്കും.

ജയില്‍ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് നല്‍കിയിട്ടുള്ള വിവരങ്ങള്‍ എന്നിവയെല്ലാം യോഗത്തില്‍ ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂ‍ർ ജയിലിലേക്ക് മാറ്റി.

പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് വിയ്യൂരില്‍ എത്തിക്കുന്നത്. ഏകാന്ത തടവില്‍ ആണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുക. ഇവിടെ അന്തേവാസികള്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം നേരിട്ട് സെല്ലില്‍ എത്തിച്ച്‌ നല്‍കും.

എട്ട് മാസത്തെ ആസൂത്രണത്തിന്റെ ഭാഗമായി ഇന്നലെ പുലർച്ചെയായിരുന്നു ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ജയില്‍ ചാടാനായി മൂന്ന് നേരവും ചപ്പാത്തി മാത്രം കഴിച്ച്‌ തടി കുറച്ചു. കമ്ബിയുടെ കട്ടി കുറയ്ക്കാൻ ഉപ്പു വെച്ച്‌ തുരുമ്ബെടുപ്പിച്ചതായും വിവരമുണ്ട്. ജയിലില്‍ പലരും ഉണക്കാൻ ഇട്ടിരുന്ന ബെഡ്ഷീറ്റുകള്‍ ഉള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ ശേഖരിച്ച്‌ കൂട്ടിക്കെട്ടി വടം നിർമ്മിച്ചു. ഇത് ഉപയോഗിച്ചായിരുന്നു ജയില്‍ ചാട്ടം.
Previous Post Next Post