തടവുശിക്ഷ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഗോവിന്ദച്ചാമിയുടെ ശരീരം അല്പം ശോഷിച്ചെന്നല്ലാതെ കരുത്തിനും ക്രൂരമനസ്സിനും ഒരു ഇളക്കവും തട്ടിയിട്ടില്ലെന്ന് ഇയാളുടെ വാക്കില്‍നിന്ന് മനസ്സിലാകുന്നതായി ജയില്‍ ഉദ്യോഗസ്ഥർ.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷാ കാലാവധി ഏതാണ്ട് അവസാനിക്കാറായിട്ടും ഇയാള്‍ക്ക് മാനസാന്തരമുണ്ടായിട്ടില്ല. 2011 നവംബർ 11-നാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രല്‍ ജയിലില്‍ എത്തിയത്. അതീവ സുരക്ഷയുള്ള 10-ാം നമ്ബർ ബ്ലോക്കിലെ ഡി സെല്ലിലാണ് പാർപ്പിച്ചിരുന്നത്. കേരളം നടുങ്ങിയ കൊടും ക്രൂരതയെപ്പറ്റി സഹതടവുകാരും ജയില്‍ ജീവനക്കാരും കുറ്റപ്പെടുത്തുമ്ബോഴൊക്കെ അവരോട് കയർത്തും ക്ഷുഭിതനായും പൊട്ടിത്തെറിക്കുന്ന ഗോവിന്ദച്ചാമിയെ കാണാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. മറ്റു ചിലപ്പോള്‍ ചിരിച്ചുകൊണ്ടായിരിക്കും പ്രതികരണം. കുറ്റബോധത്തിൻറെ കണികപോലും ആ മുഖത്ത് കാണാറില്ല. ഒരുപാട് അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും മുറുകെപ്പിടിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഒരു മന്ത്രവാദിയുടെ അനുഗ്രഹമുണ്ടെന്നും തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ലെന്നും ഗോവിന്ദച്ചാമി പറയും. ജയില്‍ ജീവനക്കാരോട് നിരന്തരം കലഹിക്കുന്ന സ്വഭാവമാണെങ്കിലും അടുത്തകാലത്തായി ശാന്തനായിരുന്നു. ജയില്‍ ചാടുകയെന്ന ആഗ്രഹം എപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്നു.
കൃത്രിമ കൈ വേണമെന്നാവശ്യപ്പെട്ട് നിവേദനം
ഗോവിന്ദച്ചാമി സുഖസൗകര്യങ്ങള്‍ക്കും നല്ല ഭക്ഷണത്തിനുംവേണ്ടി ജയില്‍ ജീവനക്കാരുമായി നിരന്തരം കലഹിച്ചിരുന്നു. തനിക്ക് കൃത്രിമ കൈ വേണമെന്ന് അന്നത്തെ ജയില്‍ ഡിജിപിയോട് നേരിട്ട് ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തു. ബീഡി വലിക്കുന്ന ശീലമുള്ള തനിക്ക് ദിവസവും ബീഡി നല്‍കണമെന്നതായിരുന്നു മറ്റൊരാവശ്യം. പറ്റില്ലെന്ന് പറഞ്ഞ ജീവനക്കാരോട് തമിഴ്നാട്ടിലെ ജയിലില്‍ ഇതൊക്കെ കിട്ടുമെന്നും ജയില്‍ ചട്ടങ്ങള്‍ തനിക്ക് ബാധകമല്ലെന്നും ഭീഷണിപ്പെടുത്തി.
മറ്റു തടവുകാരെപ്പറ്റി നിരന്തരം പരാതിയുമായി അധികൃതരെ സമീപിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. ദിവസവും ബിരിയാണി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഒരുദിവസം നിരാഹാരം കിടന്നു. പിറ്റേന്ന് ഉച്ചയ്ക്ക് സെല്ലിനുമുന്നിലെ വരാന്തയില്‍ നിരത്തിവെച്ച പാത്രങ്ങളില്‍ മട്ടൻകറി വിളമ്ബുന്നത് കണ്ടതോടെ അയഞ്ഞു. മണപ്പിച്ച് പ്രകോപിപ്പിക്കാനായി കറി പാത്രത്തില്‍ നിറയ്ക്കുന്നത് ഇയാളുടെ സെല്ലിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. മണമടിച്ചതോടെ ഗോവിന്ദച്ചാമി ലോഹ്യം പറയാനെത്തി. നിരാഹാരം അവസാനിപ്പിച്ചതായി എഴുതിനല്‍കണമെന്ന് ജീവനക്കാർ പറഞ്ഞതനുസരിച്ച് മട്ടൻകറി കഴിച്ച് സമരമവസാനിപ്പിച്ചു. എല്ലാ ശനിയാഴ്ചയും 210 ഗ്രാം ആട്ടിറച്ചി തടവുകാർക്ക് നല്‍കാറുണ്ട്. അതേ ഇയാള്‍ക്കും നല്‍കാറുള്ളൂ. രാത്രി പൊറോട്ടയും കോഴിക്കറിയും കഞ്ചാവും വേണമെന്ന് ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇടയ്ക്ക് ആത്മഹത്യാശ്രമവുമുണ്ടായി. പ്രഭാതകർമങ്ങള്‍ക്കും മറ്റും പുറത്തിറക്കിയപ്പോള്‍ എല്ലാവരും കാണ്‍കെ മേല്‍ക്കൂരയിലെ കഴുക്കോലില്‍ ഒറ്റക്കൈകൊണ്ട് മുണ്ട് കെട്ടാൻ ശ്രമിച്ചപ്പോള്‍ ജയില്‍ജീവനക്കാരും മറ്റു തടവുകാരും ചേർന്ന് മുണ്ട് പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ധരിക്കാൻ ബർമുഡ നല്‍കി.
ആദ്യം കൂട്ട് മൂന്ന് പൂച്ചകള്‍
ഒറ്റയ്ക്ക് പാർക്കുന്ന സെല്ലില്‍ ആദ്യകാലത്ത് മൂന്ന് പൂച്ചകളായിരുന്നു ഗോവിന്ദച്ചാമിയുടെ കൂട്ട്- അമ്മു, കുട്ടാപ്പി, മുരുകൻ. 2014-ല്‍ ജയിലില്‍ നിന്ന് പൂച്ചകളെ ഒഴിവാക്കാനുള്ള നടപടിയിലേക്ക് കടന്നപ്പോഴാണ് ഇവയെ ഒഴിപ്പിച്ചത്. ഗോവിന്ദച്ചാമി എതിർത്തതോടെ ബലപ്രയോഗത്തിലൂടെയാണ് മൂന്നെണ്ണത്തെയും പിടികൂടിയത്. മുരുകനെയെങ്കിലും വിട്ടുതരണമെന്ന അപേക്ഷ പരിഗണിക്കാതെ പൂച്ചവിമുക്ത ജയിലിനായുള്ള നടപടി തുടർന്നു. ഒറ്റയ്ക്കൊരു സെല്ലില്‍ കഴിയുന്നവരില്‍ പലർക്കും അന്ന് പൂച്ചയെ വളർത്തുന്ന ശീലമുണ്ടായിരുന്നു.
സഹോദരനെത്തിയത് രണ്ടുതവണ
ഗോവിന്ദച്ചാമിക്ക് സന്ദർശകരുണ്ടാകാറില്ല. നാട്ടിലുള്ള സഹോദരൻ രണ്ടുതവണ ജയിലില്‍വന്ന് കണ്ടിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ എത്തുന്ന തടവുകാർക്കുണ്ടാകുന്ന മാനസിക സമ്മർദങ്ങളൊന്നും തുടക്കംമുതലേ ഗോവിന്ദച്ചാമിയില്‍ കണ്ടിരുന്നില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥർ പറയുന്നു. വധശിക്ഷയില്‍നിന്ന് രക്ഷപ്പെടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റാല്‍ സ്വന്തം വസ്ത്രങ്ങള്‍ അലക്കുന്ന ശീലമുണ്ട്. ഇടയ്ക്ക് ടിവി കാണും.