'നിലമ്പൂരില്‍ വിളിക്കാന്‍ ആരുടെയും സംബന്ധമല്ലല്ലോ നടക്കുന്നത്. അവിടെ ഒരു ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഒരു കോണ്‍ഗ്രസ് നേതാവും ക്ഷണിച്ചിട്ടല്ല അവിടെ പോയത്. കോണ്‍ഗ്രസിനോട് കൂറും വിധേയത്വവും പ്രതിബദ്ധതയുമുള്ള എല്ലാ നേതാക്കളും അവര്‍ക്ക് ഏതൊക്കെ ദിവസമാണോ നിലമ്പൂരില്‍ വരാന്‍ കഴിയുക എന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പരിപാടി നിശ്ചയിക്കുകയുമായിരുന്നു. തരൂരിനെ ആരും പ്രത്യേകിച്ച് ക്ഷണിക്കേണ്ട കാര്യമില്ലല്ലോ?. ഒരു നേതാവിനെയും അവിടെ ക്ഷണിച്ചിട്ടില്ല വന്നത്'- രാജ്‌മോഹന്‍ പറഞ്ഞു.
'തരൂര്‍ എത്ര വളര്‍ന്നാലും നെഹ്രു കുടുംബത്തിന്റെ പ്രതിച്ഛായയൊന്നും അദ്ദേഹത്തിന് ഇല്ലല്ലോ? പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ വന്ന് പ്രചാരണം നടത്തി. തരൂര്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗം മാത്രമാണ്. അദ്ദേഹം സ്വയം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയും. കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ കൂറ് മോദിയോടും ശരീരം കോണ്‍ഗ്രസിനുമൊപ്പമാണ്. രാജ്യതാത്പര്യം എന്നുപറയുന്നത് ശശി തരൂരിന്റെ വലിയ തമാശകളിലൊന്നാണ്'- ഉണ്ണിത്താന്‍ പറഞ്ഞു.
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം ആരാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന്. ആധുനിക ഇന്ത്യയുടെ ശില്‍പി എന്നാണ് നെഹ്രുവിനെ വിളിച്ചിരുന്നത്. രാഷ്ട്രതാത്പര്യം എന്നുപറയുന്നത് ശശി തരൂരിന് വ്യക്തിതാത്പര്യം തന്നെയാണ്. പൂച്ചപാലുകുടിക്കുന്നത് ആരും കാണുന്നില്ലെന്നാണ് അത് കരുതുക. തരൂര്‍ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് അദ്ദേഹത്തിനൊഴിച്ച് എല്ലാവര്‍ക്കും അറിയാം. ഓണം വരാന്‍ ഒരു മൂലം വേണമല്ലോ?. ഐക്യരാഷ്ട്രസഭയില്‍ വീണ്ടും മത്സരിക്കാന്‍ അദ്ദേഹത്തിന് താത്പര്യം ഉണ്ടായിരിക്കും. മോദി പിന്തുണയ്ക്കുമായിരിക്കും'- ഉണ്ണിത്താന്‍ പറഞ്ഞു.