നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചില്ല, നേതാക്കളുമായി ഭിന്നതയുണ്ട്; അതൃപ്തി പരസ്യമാക്കി ശശി തരൂര്‍

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താൻ. എങ്കിലും കോൺഗ്രസ് പ്രവർത്തകർ നല്ല രീതിയിൽ നിലമ്പൂരിൽ പ്രവർത്തിച്ചു. നല്ലൊരു സ്ഥാനാർത്ഥിയാണ് യുഡിഎഫിനുള്ളത്. അദ്ദേഹം നല്ല മാർജിനിൽ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.



കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ താങ്കളെ ആരെങ്കിലും നിലമ്പൂരിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു. തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, ഒരു പ്രോഗ്രാം ഇടട്ടേ എന്നെല്ലാം സാധാരണ ചോദിക്കാറുണ്ട്. വയനാട്ടിൽ പ്രിയങ്കാഗാന്ധിക്കു വേണ്ടി ക്ഷണം ലഭിച്ചിട്ടാണ് പ്രചാരണത്തിന് പോയത്.


എപ്പോഴാണ് വരേണ്ടതെന്ന് ഞങ്ങളും ചോദിച്ചിരുന്നു. അവിടെ എത്തിക്കഴിഞ്ഞാൽ പ്രോഗ്രാം ഉണ്ടാകണമല്ലോ. എവിടെ പ്രസംഗിക്കണം, ഏതു മണ്ഡലത്തിൽ പോകണം, സ്ഥാനാർത്ഥിക്കൊപ്പം എവിടെ വേദിയിൽ പോകണം തുടങ്ങിയ പരിപാടികൾ പാർട്ടി സംഘടിപ്പിച്ച ശേഷം പറയുകയാണ് സാധാരണ ചെയ്യാറുള്ളത്. ഒഴിവാക്കി എന്നു തോന്നുന്ന സമയത്ത് ഒഴിവായി നിൽക്കുന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അങ്ങനെ അടിച്ചു കയറി പോകുന്ന ശൈലി താൻ കാണിച്ചിട്ടില്ലെന്ന് തരൂർ പറഞ്ഞു.


കഴിഞ്ഞ 16 വർഷമായി കോൺഗ്രസിനും കോൺഗ്രസ് മൂല്യങ്ങൾക്കും ഒപ്പമാണ് താൻ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് പ്രവർത്തകരോടും സഹോദരന്മാരോടുമുള്ള സ്‌നേഹത്തിലും സൗഹാർദ്ദത്തിലും ആർക്കും സംശയം വേണ്ട. അതെപ്പോഴും ഉണ്ടാകും. ഇപ്പോഴത്തെ ചില കോൺഗ്രസ് നേതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ അതെല്ലാം പാർട്ടിക്കകത്ത് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ദിനമല്ല ഇതെന്നും തരൂർ പറഞ്ഞു.


നിലമ്പൂരിൽ സുഹൃത്തായ നമ്മുടെ സ്ഥാനാർത്ഥി ജയിക്കട്ടെ എന്ന് ആശംസിക്കുന്നു. തിരുവനന്തപുരത്തു നിന്നുപോലും ധാരാളം പ്രവർത്തകർ നിലമ്പൂരിൽ പോയി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനം വിജയം കാണട്ടെയെന്നും തരൂർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിദേശപര്യടനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. അല്ലാതെ ആഭ്യന്തര രാഷ്ട്രീയവിഷയങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല. ഭാരതത്തിന്റെ ഒരു വിഷയം വരുമ്പോൾ ദേശീയതാൽപ്പര്യം മുൻനിർത്തി പ്രവർത്തിക്കുക എന്നത് നമ്മുടെ കടമയാണ്. ഇത് 2014ൽ തന്നെ താൻ പറഞ്ഞിട്ടുള്ളതാണ്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് താൻ പറഞ്ഞത് തന്റെ സ്വന്തം അഭിപ്രായ.ങ്ങളാണ്. അരും പറഞ്ഞിട്ടല്ലെന്നും തരൂർ വ്യക്തമാക്കി.


Previous Post Next Post