നിലമ്പൂരില്‍ മൂന്നു മണിവരെ 59.68% പോളിങ്, വോട്ടെടുപ്പിനിടെ ചുങ്കത്തറയില്‍ സംഘര്‍ഷം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മണി വരെ 59.68% പോളിങ്. രാവിലെ മഴയെ തുടര്‍ന്ന് പോളിങ് ശതമാനം അല്‍പം മന്ദഗതിയിലായെങ്കിലും ഉച്ചകഴിഞ്ഞതോടെ പല ബൂത്തുകളിലേക്കും വോട്ടര്‍മാരുടെ നിര നീണ്ടു. ഈ നിലയില്‍ പോളിങ് പോയാല്‍ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടന്നേക്കും.

വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്‌കൂളിലെ ബൂത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു. സംഘര്‍ഷം. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ 3 എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ 19 ന് വൈകിട്ട് 6.30 ന് ശേഷം മാത്രം

പോളിംഗ് ദിനമായ ജൂണ്‍ 19 വ്യാഴാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമത്തിലോ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും പോളിംഗിന്റെ അവസാന സമയത്തിന് മുമ്പുള്ള 48 മണിക്കൂര്‍ കാലയളവില്‍, ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമത്തില്‍ അഭിപ്രായ സര്‍വേ, മറ്റ് സര്‍വേ ഫലങ്ങള്‍ ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു

Previous Post Next Post