ആണ്‍സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു; റസീനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ആള്‍ക്കൂട്ട വിചാരണ തന്നെയെന്ന് പൊലീസ്

കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്ക് സമീപം റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പി. നിധിന്‍ രാജ്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ടന്നും പ്രതികളുടെ പേരുകള്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

യുവതിയുടെ ആണ്‍ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പിടികൂടിയത് പ്രതികളുടെ കൈയ്യില്‍ നിന്നാണെന്നും കമ്മീഷണര്‍ പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു അഞ്ച് മണിക്കൂര്‍ യുവാവിനെചോദ്യം ചെയ്തതായും കമ്മീഷണര്‍ പറഞ്ഞു. മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്ത് നിലവില്‍ കേസില്‍ പ്രതിയല്ല. ഇയാള്‍ക്കെതിരെ നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റസീനയുടെ മരണത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട വിചാരണയില്‍ കൂടുതല്‍പ്പേര്‍ ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍തൃമതിയായ റസീനയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വിസി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെഎ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്നാസ് എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം, അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ പറഞ്ഞു. അറസ്റ്റിലായവര്‍ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും സഹോദരിയുടെ മകന്‍ ഉള്‍പ്പടെയാണ് അറസ്റ്റിലായതെന്നും ഫാത്തിമ പറഞ്ഞു. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും ഉമ്മ ഫാത്തിമ പറഞ്ഞു.

Previous Post Next Post