അമരാവതി: അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യോഗാദിനാഘോഷം നടക്കും. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നിന്ന് ഭോഗപുരം വരെ നീളുന്ന 26 കിലോമീറ്റര്‍ ഇടനാഴിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം യോഗ ചെയ്യാന്‍ കഴിയുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വിശാഖപട്ടണത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
രാവിലെ 6:30 മുതല്‍ രാവിലെ 8:00 വരെ നടക്കുന്ന പരിപാടി നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും ഗിന്നസ് ബുക്കില്‍ ഇടംനേടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. സംസ്ഥാനത്തുടനീളം ഒരുലക്ഷം സ്ഥലങ്ങളില്‍ 'യോഗാ സംഗം' പരിപാടി സംഘടിപ്പിക്കും. അന്താരാഷ്ട്ര യോഗാദിനത്തിന്റെ പതിനൊന്നാം വര്‍ഷത്തില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും യോഗ എത്തിക്കാനുള്ള കൂട്ടായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
'യോഗ ഒരൊറ്റ ഭൂമിയ്ക്ക്, ഒരൊറ്റ ആരോഗ്യത്തിന്' എന്നതാണ് ഇക്കൊല്ലത്തെ യോഗാദിന പ്രമേയം. കാല്‍ലക്ഷത്തോളം ആദിവാസി വിദ്യാര്‍ഥികള്‍ 108 മിനിറ്റ് നേരം സൂര്യനമസ്കാരം അവതരിപ്പിക്കും. ഒരേസമയം ഇത്രയധികം പേര് സൂര്യനമസ്കാരം ചെയ്യുന്നതിലും റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന പരിപാടിയില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്ര ആയൂഷ് സഹമന്ത്രി പ്രതാപ് റാവ ജാധവ് തുടങ്ങിയവര്‍ പങ്കെടുക്കും. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ലോകത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്ന് യോഗദിനത്തില്‍ പങ്കെടുക്കാന്‍ രണ്ടുകോടിയിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
യോഗയെ ജീവിതചര്യയാക്കി മാറ്റുംവിധം 100 ദിനം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഇക്കുറി സംഘടിപ്പിക്കുന്നത്. അറുപതിലേറെ വിദേശരാജ്യങ്ങള്‍ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്.