തിരുവനന്തപുരം: ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉൾപ്പെടുത്തുമെന്ന് വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകുവാൻ പൊതുവിദ്യാഭ്യാസവകുപ്പ് മുൻഗണന നൽകും. രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങൾ ആയതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളിൽ ഈ കാര്യം പ്രത്യേകം തന്നെ ഉൾപ്പെടുത്തും
ഇന്നലെ രാജ്ഭവനിൽ നടന്ന സ്‌കൗട്ട് ആൻഡ് ഗൈഡ് പരിപാടിയിൽ കുട്ടികളോട് ഭാരതാബയെ പൂജിക്കണമെന്ന് പറഞ്ഞ പ്രസംഗം ഗവർണർ പിൻവലിക്കണം. അത് ഭരണഘടനാവിരുദ്ധമാണെന്നും ശിവൻകുട്ടി പറഞ്ഞു.
ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം തികച്ചും അപലപനീയമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ.
എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകൾ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.