മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ പരസ്പരം കണ്ടുമുട്ടിയപ്പോൾ എതിർ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പിവി അൻവർ. കൈ കൊടുത്ത ശേഷം കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല. നിലമ്പൂർ മാനവേദൻ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. അൻവർ ഉണ്ടെന്ന് അറിഞ്ഞ് അവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകൾക്ക് മുന്നിൽ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അൻവർ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടൻ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു.
അത് ഒരു ധൃതരാഷ്ട്രാലിംഗനമായതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞതെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.'ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. പുള്ളി ഒരു കെട്ടിപ്പിടിക്കുന്ന ആളാണ്. അത് ഒരു ധൃതരാഷ്ട്രാലിംഗനമാണ്. മനസ്സിലായില്ലേ?. അതിന് വിധേയനാകാൻ ഞാൻ തയ്യാറല്ലെന്നാണ് പറഞ്ഞത്. മനുഷ്യൻമാർ തമ്മിൽ കാണുമ്പോൾ കൈകൊടുക്കുമല്ലോ. ഞാൻ അതുകൊടുത്തു. പുള്ളി സിനിമാസ്റ്റൈലിൽ ആണ്. എനിക്ക് അഭിനയം വല്യ പരിചയം ഇല്ല. പച്ചമനുഷ്യൻമാർക്കൊപ്പം നടക്കുന്നവരാണ് ഞാൻ. രാവിലെ രണ്ട് അഭിനേതാക്കൾ തമ്മിൽ കെട്ടിപ്പിടിച്ചത് കണ്ടില്ലേ?. സ്ഥാനാർഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷെ അത് ആത്മാർത്ഥമായിരിക്കണം. പിന്നിൽ കൂടി പാര വെക്കരുത്.' അൻവർ പറഞ്ഞു.
ആർഎസ്എസുമായി ബന്ധമില്ലെന്ന പിണറായിയുടെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാണെന്നും അൻവർ പറഞ്ഞു. ഇന്നലെ പിണറായി അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിന്റെ ആളുകൾക്കൊപ്പമായിരിക്കാം. സ്വന്തം മകളെ രക്ഷപ്പെടുത്താൻ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായിയെന്നും അദ്ദേഹം ആവർത്തിച്ചു. നിലമ്പൂരിലെ ആയിരങ്ങളുമായിട്ട് കാൽ നടയായിട്ട് പോയിട്ടാവും സത്യപ്രതിജ്ഞ ചെയ്യുക. ജനങ്ങളെ അറിഞ്ഞുള്ള ആത്മവിശ്വമാണ് ഇത്. പിവി അൻവർ എന്താണെന്ന് ജനങ്ങൾക്കറിയാം. 75,000ലധികം വോട്ടുകൾ നേടുമെന്നും 24ാം തീയതി പോരാട്ടം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.