'അടിച്ചേല്‍പ്പിക്കുന്ന യുദ്ധവും സമാധാനവും അംഗീകരിക്കില്ല, പ്രത്യാഘാതങ്ങള്‍ ഉണ്ടാകും'; യുഎസിന് ഖമേനിയുടെ മുന്നറിയിപ്പ്

ടെഹ്‌റാൻ: ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ യുഎസ് ഇടപെടാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് (Ayatollah Ali Khamenei) ആയത്തൊള്ള അലി ഖമേനി. അടിച്ചേൽപ്പിക്കുന്ന യുദ്ധവും സമാധാനവും ഇറാൻ അംഗീകരിക്കില്ല. ഇറാൻ ജനതയുടെ പോരാട്ട ചരിത്രം അറിയാത്തവർ ഭീഷണിയുടെ ഭാഷയുമായി രംഗത്തുവരരുത് എന്നും ആയത്തൊള്ള അലി ഖമേനി വ്യക്തമാക്കുന്നു. സ്റ്റേറ്റ് ടിവിയിലൂടെയാണ് ഇറാൻ പരമോന്നത നേതാവിന്റെ പ്രതികരണം.


ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടി അവർ ചെയ്ത വലിയ തെറ്റാണ്. അടിച്ചേൽപ്പിച്ച യുദ്ധത്തിനെതിരെ ധീരമായ പോരാട്ടം തുടരും, 'ഇറാൻ കീഴടങ്ങില്ല. യുഎസ് യുഎസ് ആക്രമണം ഏതുവിധത്തിൽ ആയാലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും തിരിച്ചറിയണം എന്നും ഇറാൻ പരമോന്നത നേതാവ് വ്യക്തമാക്കുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് യഥാർത്ഥ പര്യവസാനമാണ് വേണ്ടതെന്നും ഇറാൻ നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നുമുള്ള ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് അലി ഖമേനി ഇറാന്റെ നിലപാട് പ്രഖ്യാപിക്കുന്നത്.


അതേസമയം, ഇറാനെതിരെ സൈനിക നീക്കം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് സൈനിക നടപടിയെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ 'വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം നടത്താനുള്ള സാധ്യത പരിശോധിക്കുന്നു എന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.


അമേരിക്ക ഇസ്രയേലിന് ഒപ്പം യുദ്ധത്തിൽ പങ്കാളികളായിൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ഇടപെടൽ സംബന്ധിച്ച് റിപ്പോർട്ടുകൾ സജീവമാണെങ്കിലും വിഷയത്തിൽ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചനകൾ. ഇസ്രായേലിന്റെ പുതിയ യുദ്ധത്തിലേക്ക് തന്റെ രാജ്യത്തെ കൊണ്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡൊണൾഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Previous Post Next Post