ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ വലിയ വിമാനങ്ങൾ (Air India flight) ഉപയോഗിച്ചുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിച്ചുരുക്കുന്നു. അന്താരാഷ്ട്ര സർവീസുകളുടെ 15 ശതമാനത്തോളം വെട്ടിച്ചുരുക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ പകുതി വരെയെങ്കിലും നിയന്ത്രണം തുടർന്നേക്കും. വിമാന ഷെഡ്യൂൾ വെട്ടിച്ചുരുക്കുന്ന നടപടിയിൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് അധിക ചെലവില്ലാതെയോ പൂർണ്ണ റീഫണ്ടോടെയോ റീബുക്കിങ് ഉൾപ്പെടെയുള്ള ഇതര യാത്രാ സൗകര്യങ്ങൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചു. ജൂൺ 20 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ അന്താരാഷ്ട്ര ഷെഡ്യൂൾ ഉടൻ പുറത്തിറങ്ങും.
നിർബന്ധിത സുരക്ഷാ പരിശോധനകൾ, വ്യോമാതിർത്തി കർഫ്യൂ, പശ്ചിമേഷ്യയിലെ സംഘർഷം, സാങ്കേതിക പ്രശ്‌നങ്ങൾ, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള യാത്ര എന്നിവ മുൻനിർത്തിയാണ് നടപടി, എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ എന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനിടെ 83 അന്താരാഷ്ട്ര വിമാന സർവീസുകൾ ആണ് എയർ ഇന്ത്യ റദ്ദാക്കിയത്.
അതേസമയം, എയർ ഇന്ത്യയുടെ പക്കലുള്ള ബോയിങ് 787-8/9 വിമാനങ്ങളിൽ സുരക്ഷാ പരിശോധന ഭൂരിഭാവും പൂർത്തിയായെന്നും കമ്പനി അറിയിച്ചു. എയർ ഇന്ത്യയുടെ 33 ബോയിങ് 787-8/9 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. ഡിജിസിഎ നടത്തുന്ന പരിശോധയ്ക്ക് ശേഷം ഇവ സർവീസ് നടത്താൻ സജ്ജമാണെന്നും എയർ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. മറ്റ് വിമാനങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്. എയർ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിങ് 777 വിമാനങ്ങളിലും പരിശോധന നടത്തും. അഹമ്മദാബാദ് ദുരന്തത്തിന് കാരണമായ സാഹചര്യം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.