രാഹുല്‍ ഗാന്ധിക്ക് 55-ാംപിറന്നാള്‍; ആശംസകളുമായി പ്രമുഖര്‍

ന്യൂഡൽഹി: പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ. ജൻമദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച, പാർട്ടിയുടെ ഡൽഹി യൂണിറ്റും യൂത്ത് കോൺഗ്രസും സംയുക്തമായി തൽക്കത്തോറ സ്റ്റേഡിയത്തിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെട നിരവധി പ്രമുഖർ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു.


'ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ'- രാജ്‌നാഥ് സിങ് എക്‌സിൽ കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആശംസകൾ നേർന്നു. ''രക്തത്താലല്ല, ചിന്ത, ദർശനം, ലക്ഷ്യം എന്നിവയാൽ ബന്ധിതനായ എന്റെ സഹോദരന് ഊഷ്മളമായ ജന്മദിനാശംസകൾ.നിങ്ങൾ ഉറച്ചുനിന്നുകൊണ്ട് ധൈര്യത്തോടെ നയിക്കട്ടെ. പ്രകാശമാനമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയിൽ, വിജയം നമ്മുടേതായിരിക്കും.' അദ്ദേഹം എക്‌സിൽ കുറിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടും ജൻമദിനാശംസകൾ നേർന്നു.


'രാഹുൽ ജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകൾ. ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ. ഈ രാജ്യത്തെ അടിച്ചമർത്തപ്പെട്ടവരുടെയും, പിന്നാക്കക്കാരുടെയും, ദലിതരുടെയും, ആദിവാസികളുടെയും, പിന്നാക്ക വിഭാഗങ്ങളുടെയും, അവകാശങ്ങൾക്കായാണ് രാഹുലിന്റെ പേരാട്ടം. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ വിജയം കാണും. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനും നിങ്ങൾ മുന്നിൽ നിന്ന് രാജ്യത്തെ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഗെഹ് ലോട്ട് എക്‌സിൽ കുറിച്ചു.


രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന തൊഴിൽ മേളയിൽ 20,000 ത്തോളം തൊഴിൽരഹിതരായ യുവാക്കൾ രജിസ്റ്റർ ചെയ്തതായി ന്യൂഡൽഹി കോൺഗ്രസ് പ്രസിഡന്റ് ദേവേന്ദർ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികൾ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000ത്തിലധിം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'രാജ്യത്തെ യുവാക്കളോടുള്ള രാഹുൽ ഗാന്ധിയുടെ താൽപര്യത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം,' യാദവ് പറഞ്ഞു. 'സർക്കാരിന്റെ വാഗ്ദാനങ്ങൾ തൊഴിലവസരങ്ങളായി മാറുന്നില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്റിലും പൊതുയോഗങ്ങളിലും നിരന്തരം ഉന്നയിച്ചിട്ടുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post Next Post