ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ, മനംനൊന്ത് യുവതി ജീവനൊടുക്കി; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : പിണറായി കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീന (40 ) ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.


ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് കായലോട് അച്ചങ്കര പള്ളിക്ക് സമീപം വെച്ച് റസീന ആൺസുഹൃത്തിനോട് സംസാരിച്ചുനിന്നതാണ് കേസിനാസ്പദമായ സംഭവം. റസീന സുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് പ്രതികൾ ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു. തുടർന്ന് സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോയി.


അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.

യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവാവിൻറെ കൈയിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും അറസ്റ്റിലായ പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എം കെ റഫീഖ് ആണ് റസീനയുടെ ഭർത്താവ്.

Previous Post Next Post