ജറുസലേം: പശ്ചിമേഷ്യൻ മേഖലയെ അശാന്തിയിലേക്ക് തള്ളിവിട്ട് ഇസ്രയേൽ ഇറാൻ സംഘർഷം കടുക്കുന്നു. ഇസ്രയേലിന്റെ സുപ്രധാന കേന്ദ്രങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇസ്രയേലിലെ ആശുപത്രി കെട്ടിടങ്ങൾക്ക് മേലുൾപ്പെടെ ഇറാൻ മിസൈലുകൾ പതിച്ചതായി എപി റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാനിലെ അരാക്കിലുള്ള ഘനജല ആണവ റിയാക്ടർ ഇസ്രായേൽ സൈന്യം ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആണവ ചോർച്ചാഭീഷണിയില്ലെന്നാണ് വിവരം.
തെക്കൻ ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് മേലെയാണ് ഇറാൻ മിസൈലുകൾ പതിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ ആക്രമണത്തിൽ ആശുപത്രിക്ക് സാരമായി കേടുപാടുകൾ സംഭവിച്ചതായി സൊറോക്ക മെഡിക്കൽ സെന്റർ വക്താവ് വ്യക്തമാക്കി. ഇറാൻ ആക്രമണത്തിൽ കുറഞ്ഞത് 32 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രയേൽ എമർജൻസി സർവീസ് പറയുന്നു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മുപ്പത് പേർക്ക് നിസാര പരുക്കുകളുമാണുള്ളത്.
തെക്കൻ ഇസ്രയേൽ മേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമാണ് ആക്രമിക്കപ്പെട്ട ആശുപത്രി. ആയിരത്തിലധികം കിടക്കകളുള്ള ആശുപത്രി പത്ത് ലക്ഷത്തോളം ആളുകൾ താമസിക്കുന്ന പ്രദേത്താണ് സ്ഥിതിചെയ്യുന്നത്. ഇറാൻ ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന് സമീപത്തെ മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രയേലിലെ സൈനിക , രഹസ്യാന്വേഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിക്കുന്നു. ഇസ്രയേൽ ആർമി കമാൻഡ്, ഇന്റലിജൻസ് ആസ്ഥാനം, സൈനിക രഹ്യാന്വേഷണ ക്യാംപ് സ്ഥിതിചെയ്യുന്ന ഗവ്-യാം ടെക്‌നോളജി പാർക്ക് എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയെന്നും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് പറയുന്നു.
അതിനിടെ, ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇറാൻ സായുധ സേനയുടെ പുതിയ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ അബ്ദുൾറഹീം മൗസവി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേൽ നഗരങ്ങളായ ടെൽ അവീവ്, ഹൈഫ നിവാസികൾ സുരക്ഷിത മേഖലകളിലേക്ക് മാറണം എന്നായിരുന്നു മുന്നറിയിപ്പ്. ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഇസ്രയേൽ പൗരൻമാർ അയൽദ്വീപായ സൈപ്രസിലേക്ക് മാറാൻ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ ഇറാനിൽ ഇതുവരെ 263 സാധാരണക്കാർ ഉൾപ്പെടെ കുറഞ്ഞത് 639 പേർ കൊല്ലപ്പെടുകയും 1,300 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. ഇസ്രയേലിന് എതിരായ ഇറാന്റെ സൈനിക നടപടിയിൽ ഏകദേശം 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും പ്രയോഗിക്കപ്പെട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണങ്ങളിൽ ഇസ്രായേലിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.